X

ഈ ജീവനുകള്‍ക്ക് വിലയില്ലേ;വന്യജീവി ആക്രമണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 160 പേര്‍

നയന നാരായണന്‍ കണ്ണൂര്‍

വനമേഖലയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും മലയോര വാസികളുടെ ജീവന്‍ ഇപ്പോഴും ഭീതിയില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം 160 പേരുടെ ജീവനാണ് വന്യജീവി ആക്രമണത്തില്‍ നഷ്ടമായത്. കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് പാലക്കാടും കുറവ് തൃശൂരുമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ടത് കണ്ണൂരിലാണ്. അഞ്ച് വര്‍ഷത്തിനിടെ പാലക്കാട് 43 പേര്‍ മരിച്ചു. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ 1300 പേര്‍ക്കാണ് ഈ കാലയളവില്‍ പരിക്കേറ്റത്. ഇതിന് പുറമെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചത് 435 പേരാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി പ്രൊജക്ട് എലിഫെന്റ് സ്‌കീമില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു 935.95 ലക്ഷം രൂപയും ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് സ്‌കീമില്‍ 2098.31 ലക്ഷം രൂപയും വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് സ്‌കീമില്‍ 2021-22 വര്‍ഷത്തേക്ക് 805 ലക്ഷം രൂപക്കുള്ള വാര്‍ഷിക പദ്ധതി രൂപരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ തുകയൊക്കെ എവിടെ ചെലവാക്കി എന്നാണ് പലരും ചോദിക്കുന്നത്.

സര്‍ക്കാര്‍ പദ്ധതികള്‍ നിരന്തരം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവ നടപ്പിലാക്കുന്ന കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. വന്യമൃഗശല്യത്തില്‍ കണ്ണീര്‍തോരാത്തവര്‍ക്ക് ശാശ്വതപരിഹാരമാണ് വേണ്ടതെന്ന ആവശ്യം ശക്തമാണ്. വന്യജീവികളുടെ വാസസ്ഥലത്തിന്റെ പുരോഗതി, സൗരോര്‍ജ കമ്പിവേലികളുടെ നിര്‍മാണം, അറ്റകുറ്റപ്പണി, ആനകിടങ്ങിന്റെ നിര്‍മാണം, ഫയര്‍ലൈന്‍ തെളിക്കല്‍, ദ്രുതകര്‍മസേനയുടെ ശക്തിപ്പെടുത്തല്‍, വാച്ചര്‍മാരെ നിയോഗിക്കല്‍, ജനങ്ങളില്‍ ബോധവല്‍ക്കരണം തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കാര്യക്ഷമമാകുന്നില്ല.

ഏറ്റവുമൊടുവില്‍ കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ച ആറളം ഫാം ബ്ലോക്ക് ഒന്നില്‍ ചെത്തുതൊഴിലാളിയായ റിജേഷ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ആദിവാസികള്‍ വന്‍ പ്രതിഷേധത്തിലാണ്. ഇവിടെ 22 കോടി കരിങ്കല്‍ മതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു പ്രവര്‍ത്തിയും നടന്നിട്ടില്ല. ആറളം പുനരധിവാസമേഖലയില്‍ നിലവില്‍ 1800 കുടുംബങ്ങളാണ് കഴിയുന്നത്. വന്യമൃഗങ്ങളുടെ വിളയാട്ടം കാരണം അതീവ ദയനീയാവസ്ഥയിലും ഭിതിയിലുമാണ് ഇവരുടെ ജീവിതം.

 

Test User: