X

അണയ്ക്കാനാവില്ല ഈ ജ്വാലകള്‍-എഡിറ്റോറിയല്‍

അരനൂറ്റാണ്ടോളം ഇന്ത്യാ ഗേറ്റില്‍ കെടാതെ ജ്വലിച്ചുനിന്ന അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റിയതോടെ കേന്ദ്ര സര്‍ക്കാര്‍ തച്ചുകെടുത്തിയത് രാജ്യസ്‌നേഹത്തിന്റെ അഭിമാന ജ്വാലകളിലൊന്നാണ്. രാജ്യദ്രോഹപരമായ ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുന്നുണ്ട്. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നൊന്നായി പിഴുതെറിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പി ഭരണകൂടം രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍കളെയും മായ്ച്ചുകളയാനുള്ള വിഫല ശ്രമത്തിലാണ്. പതിറ്റാണ്ടുകളായി രാജ്യം കെടാതെ സൂക്ഷിക്കുന്ന പല ഓര്‍മകളും ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ചരിത്രബോധമുള്ള ഒരു ജനത അവശേഷിക്കുന്ന കാലത്തോളം അവയൊക്കെയും ജ്വലിച്ചുനില്‍ക്കുമെന്നിരിക്കെ ഔദ്യോഗിക രേഖകളിലും ചടങ്ങുകളിലും തമസ്‌കരിച്ച് നിര്‍ത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ചരിത്രത്തില്‍ പുതിയ പ്രതിഷ്ഠകളും വ്യാഖ്യാനങ്ങളും സംഘപരിവാര്‍ ആഗ്രഹിക്കുന്നുണ്ട്. ദീപ്തമായ ഓര്‍മകള്‍ സമ്മാനിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന പലതും എടുത്തുമാറ്റാതെ അത് സാധ്യമാകില്ലെന്ന് ബി.ജെ.പിക്ക് അറിയാം. പെട്ടെന്നല്ലെങ്കിലും ചിലതെല്ലാം കാലപ്രവാഹത്തില്‍ ഒഴുക്കിക്കളയാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതിന്റെ ഭാഗമായാണ് അമര്‍ ജവാന്‍ ജ്യോതിയും ഊതിക്കെടുത്തിയത്. പകരം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നു. പഴയത് തച്ചുടക്കുന്നതോടൊപ്പം പുതിയത് വാര്‍ത്തെടുക്കാന്‍ കൂടി മോദി മോഹിക്കുന്നുണ്ടെന്ന് വ്യക്തം. 1971ല്‍ പാകിസ്താനുമായുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സൈനികരുടെ ഓര്‍മയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പണികഴിപ്പിച്ച സ്മാരകമാണ് അമര്‍ ജവാന്‍ ജ്യോതി. ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ ഇന്ദിരാ ഗാന്ധി തുടങ്ങിവെച്ച പ്രത്യേക അനുസ്മരണച്ചടങ്ങ് കാലമിത്രയും മുടങ്ങാതെ നടന്നുപോന്നു. അന്ന് കൊളുത്തിവെച്ച ദീപങ്ങള്‍ സംഘപരിവാരത്തെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് മോദിയുടെ പുതിയ നീക്കം. അമര്‍ ജവാന്‍ ജ്യോതി അണയുമ്പോള്‍ മോദിയിലെ സ്വേച്ഛാധിപത്യ തിരിനാളം ഉയര്‍ന്നു കത്തുകയാണ്. 2019 ഫെബ്രുവരി 25ന് മോദിയാണ് ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തത്. ഇന്ദിരാ ഗാന്ധി ഉള്‍പ്പെടെയുള്ള മുന്‍ ഭരണാധികാരികള്‍ തുടങ്ങിവെച്ചതെല്ലാം തച്ചുകെടുത്തി തന്റേത് മാത്രം അവശേഷിപ്പിക്കണമെന്ന ശാഠ്യമാണ് അദ്ദേഹത്തിനുള്ളത്. രക്തസാക്ഷിത്വത്തിന് പവിത്രത കല്‍പ്പിക്കാത്ത ആര്‍.എസ്.എസ് ബുദ്ധിക്ക് സൈനികരുടെ രക്തത്തിന്റെ വിലയറിയില്ല. ഗോള്‍വാള്‍ക്കറുടെ അഭിപ്രായപ്രകാരം രക്തസാക്ഷിത്വം ആദര്‍ശപരമല്ല. മറിച്ച് മാരകമായ പിഴവായാണ് അദ്ദേഹം അതിനെ കാണുന്നത്.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ രാഷ്ട്രത്തിന്് മറ്റൊന്നുകൂടി നഷ്ടപ്പെടുന്നുണ്ട്-രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇഷ്ട മന്ത്രം. റിപ്പബ്ലിക്് ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നടക്കാറുള്ള സൈനിക ബാന്‍ഡ് വാദ്യത്തിന്റെ ഭാഗായിരുന്ന ‘അബൈഡ് വിത് മി’ എന്ന മഹാത്മജിയുടെ ഇഷ്ടഗാനം മോദി സര്‍ക്കാര്‍ നീക്കിയിരിക്കുന്നു. 1950 മുതല്‍ ചടങ്ങുകള്‍ക്ക് ഔദ്യോഗിക പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ബീറ്റിങ് റിട്രീറ്റില്‍ കേള്‍പ്പിക്കാറുള്ള ഈ വരികള്‍ കൊളോണിയല്‍ അവിശിഷ്ടമാണെന്നാണ് സര്‍ക്കാര്‍ വാദം. പക്ഷെ, ബീറ്റിങ് റിട്രീറ്റ് ചടങ്ങ് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്നതാണ് ഏറെ കൗതുകമുള്ള വസ്തുത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചടങ്ങിനോടില്ലാത്ത വിരോധം ഗാന്ധിജിയുടെ ഇഷ്ടഗാനത്തോട് കാണിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. ചോദ്യങ്ങളുന്നയിക്കാതെ പറയുന്നതു കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് മോദി ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ മുഖത്തേക്ക് ചോദ്യങ്ങള്‍ എറിയുകയും സാമാജ്ര്യത്വത്തിന്റെ നെടും കോട്ടകളെ വിറപ്പിക്കുകയും ചെയ്ത ഉഗ്രപ്രതാപികളായ ദേശീയ നേതാക്കളുടെ സ്മാരകങ്ങളും ഓര്‍മകളും ഉന്മൂലനം ചെയ്തുകൊണ്ട് മാത്രമേ സമൂഹത്തെ മൂക്കുകയറിട്ട് നടത്താന്‍ സാധിക്കൂവെന്ന് സംഘപരിവാറിന് അറിയാം.

ഭൂതകാലത്തെ തുടച്ചുമാറ്റിയും ചരിത്രത്തെ വളച്ചൊടിച്ചും ഇന്ത്യക്ക് പുതിയ മേല്‍വിലാസങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ് മോദിയുടെ ശ്രദ്ധ. ബി.ജെ.പി സ്വപ്‌നം കാണുന്ന ‘പുതിയ ഇന്ത്യ’യിലേക്കുള്ള പ്രയാണം പക്ഷെ, അത്ര എളുപ്പമാകില്ലെന്ന് മാത്രം. ചരിത്രസ്മാരകങ്ങള്‍ ഇടിച്ചുനിരത്തിയാലും നൂറ്റാണ്ടുകളായി ഇന്ത്യന്‍ മനസില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന മഹത്തായ ആദര്‍ശങ്ങള്‍ ഊതിക്കെടുത്താന്‍ സംഘപരിവാറിന് സാധിക്കില്ല. ചരിത്രത്തെ എറിഞ്ഞുടക്കാനാവില്ല.

Test User: