X

ചെരിപ്പഴിച്ച് അണ്ണാമലെ; ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ല

ഡിഎംകെ സർക്കാരിനെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ ചെരുപ്പ് ധരിക്കുകയുള്ളൂവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വേദിയിൽവെച്ച് ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.

അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ടാണ് അണ്ണാമലൈ ഡി.എം.കെ സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച അണ്ണാമലൈ, വിദ്യാർഥിനിയെ കുറ്റപ്പെടുത്തുന്ന വിധത്തിലാണ് പൊലീസ് എഫ്.ഐ.ആർ എഴുതിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ എങ്ങനെയാണ് ചോർന്നത്? എഫ്.ഐ.ആർ ചോർത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. ഇത്തരമൊരു എഫ്.ഐ.ആർ എഴുതി ചോർത്തിയതിന് പൊലീസും ഡി.എം.കെയും ലജ്ജിക്കണം. നിർഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ സിസിടിവി ക്യാമറ ഇല്ലാത്തത് -അണ്ണാമലൈ ചോദിച്ചു.

മൂന്ന് മാസമായി സംസ്ഥാനം സമാധാനപരമായിരുന്നുവെന്നും എന്നാൽ ലണ്ടനിൽ നിന്ന് അണ്ണാമലൈ തിരിച്ചെത്തിയതിന് ശേഷം അസ്വസ്ഥമായെന്നും പറഞ്ഞ നിയമമന്ത്രി റെഗുപതിയെയും അണ്ണാമലൈ വിമർശിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയം തനിക്ക് മടുത്തുവെന്നും തമിഴ്നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

ദുഷ്ടശക്തിയെ (ഡിഎംകെ) നീക്കം ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇതിനായി മധ്യവർഗം പുറത്തു വന്ന് സർക്കാരിനെ ചോദ്യം ചെയ്യണം. അണ്ണാ യൂണിവേഴ്‌സിറ്റി വിഷയത്തിൽ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെ പിരിച്ചുവിടണമെന്നും അണ്ണാമലൈ വ്യക്തമാക്കി.

webdesk14: