കാവഡ് യാത്രാ റൂട്ടിലെ കടകളിൽ ഉടമകളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കാൻ നിർദേശിച്ചത് സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനാണെന്ന് യു.പി സർക്കാർ സുപ്രീം കോടതിയിൽ. ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത് കൻവാർ തീർത്ഥാടകരുടെ മത വികാരം വ്രണപ്പെടുത്താതിരിക്കാനാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കടകളുടേയും ഭക്ഷണശാലകളുടേയും പേരുകൾ സംബന്ധിച്ച ആശയക്കുഴപ്പം സംബന്ധിച്ച് കൻവാരിയ വിഭാഗത്തിൽ നിന്ന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് നിർദേശം നൽകിയതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു.
കാവഡ് യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയ യു.പി, ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
‘ഭക്ഷണം വിൽക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ വലിയ തരത്തിലുള്ള അസ്വസ്ഥതകൾക്ക് ഇടയാക്കിയതായി മുൻകാല സംഭവങ്ങൾ കാണിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണ് നിർദേശങ്ങൾ.ഉടമസ്ഥരുടെ പേരുകൾ പ്രദർശിപ്പിക്കാനുള്ള നിർദേശം സുതാര്യത ഉറപ്പുവരുത്തുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമുള്ള ഒരു കേവല നടപടിയാണ് . സമാധാനപരവും യോജിപ്പുള്ളതുമായ തീർത്ഥാടനം ഉറപ്പാക്കുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്,’ യു.പി സർക്കാർ അറിയിച്ചു.
സർക്കാർ നൽകിയ നിർദേശം മതം, ജാതി, സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിവേചനവും കാണിക്കുന്നില്ലെന്നും ഉടമകളുടെ പേരും ഐഡൻ്റിറ്റിയും പ്രദർശിപ്പിക്കേണ്ടതിൻ്റെ ഉത്തരവാദിത്തം കൻവാർ യാത്രാ റൂട്ടിലുള്ള എല്ലാ ഭക്ഷ്യ വിൽപ്പനക്കാർക്കും ഒരേപോലെ ബാധകമായിരുന്നെന്നും യു.പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.