സ്വന്തം പാര്‍ട്ടി ഭരിക്കാന്‍ തുടങ്ങിയാല്‍ മാളത്തില്‍ കേറുന്ന സംഘടനകളാണ് സി.പി.എമ്മിന്റെ യുവജന സംഘടനയും വിദ്യാര്‍ത്ഥി സംഘടനയും. ഇടക്കിടക്ക് ആളുകളെ ബോധിപ്പിക്കാന്‍ എന്തെങ്കിലും ലൊട്ട് ലൊടുക്ക് വിദ്യയൊക്കെ പുറത്തെടുക്കും തങ്ങള്‍ക്ക് ജീവനുണ്ടെന്ന് സ്ഥാപിക്കാന്‍. അതിപ്പോ എസ്.എഫ്.ഐയാണെങ്കില്‍ കാമ്പസുകളില്‍ തിരഞ്ഞെടുപ്പ് അടുത്താല്‍ കോളജ് അധികൃതരേയും അധ്യാപകരേയുമൊക്കെ പൂട്ടിയിട്ടും വിദ്യാര്‍ത്ഥികളുടെ കൈയ്യും കാലുമൊക്കെ തല്ലിയൊടിച്ചും പേക്കൂത്തിലൂടെയാണ് തെളിയിക്കുന്നതെങ്കില്‍ ഡി.വൈ.എഫ്.ഐ സമരം ഇവിടം വിട്ട് അങ്ങ് രാജ്യതലസ്ഥാനത്തേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്. വറൈറ്റി വേണമല്ലോ. കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ കൂട്ടിയിട്ടും ഡി.വൈ.എഫ്.ഐയുടെ വായ് അണ്ണാക്കില്‍ ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ നിവൃത്തിയില്ലാതെ പ്രസ്താവന ഇറക്കിയത് മിച്ചം.
പറഞ്ഞു വന്നത് തൊഴിലില്ലായ്മയെ കുറിച്ച് തന്നെ കേരളത്തില്‍ പണിയെവിടെ എന്ന് കേന്ദ്രത്തോട് പോയി ചോദിക്കാനായി ഡി.വൈ.എഫ്.ഐക്കാരെല്ലാം ഡല്‍ഹിയിലേക്ക് വെച്ചു പിടിച്ച സമയം തിരുവനന്തപുരത്തെ മേയറൂട്ടി നല്ല ഒരു ഓഫര്‍ പാര്‍ട്ടിക്കു വെച്ച് നീട്ടി. ജോലിയുണ്ട്. സഖാക്കളുടെ പട്ടിക തരാവോ സഖാവേ എന്ന്. എന്ന് വെച്ചാല്‍ പച്ചക്ക് പറഞ്ഞാല്‍ ജോലിക്കായി ആളുകളെ തിരുകി കയറ്റാനായി പാര്‍ട്ടി ഓഫീസില്‍ നിന്നും ലിസ്റ്റ് തേടുകയാണ് പ്രായം കുറഞ്ഞ മേയറൂട്ടി ചെയ്തത്. വകതിരിവിന്റെ കാര്യത്തില്‍ താന്‍ ശരിക്കും പാര്‍ട്ടിക്കാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച മേയറൂട്ടിയെന്തായാലും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയെന്ന റെക്കോഡ് ഈ പോക്ക് പോയാല്‍ എന്തായാലും സ്വന്തമാക്കുമെന്നതില്‍ രണ്ടില്ല അഭിപ്രായം.
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ ‘ഔദ്യോഗിക’ കത്ത് പോയത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി പരസ്യമാക്കുകയായിരുന്നു. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സി.പി.എം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
സംഗതിയുടെ കിടപ്പു വശം വേറെയും ഉണ്ട് തലസ്ഥാന ജില്ലയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം കടുത്ത സാഹചര്യത്തില്‍ കൂടിയാണ് വിഭാഗീയതയുടെ ഭാഗമായി കത്തു പുറത്തായതെന്നതാണ് ശ്രദ്ധേയം. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ടെങ്കിലും കത്തിന്റെ പേരില്‍ ചങ്കില്‍ കുത്തായതോടെ എന്റെ കത്തേ അല്ല എന്ന പതിവ് സി.പി.എമ്മുകാരുടെ പൊറാട്ട് നാടകത്തിന്റെ അവസരമാണിനി. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും ഇടമില്ല താനും. പാര്‍ട്ടിയുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പാളിയപ്പോള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി തന്നെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനമാക്കി പരിഹാരമാര്‍ഗം തേടുകയാണിപ്പോള്‍. എവിടെ എന്റെ ജോലിയെന്നും ചോദിച്ച് സാധാരണ ഡി.വൈ.എഫ്.ഐക്കാര്‍ സമരം നടത്തുമ്പോള്‍ ഇഷ്ടക്കാര്‍ക്ക് വാരിക്കോരി നല്‍കാന്‍ തൊഴിലിവിടുണ്ടെന്നാണ് മേയറുടെ ചെയ്തികള്‍ തെളിയിക്കുന്നത്.
മേയറൂട്ടി കത്തുമായി പാര്‍ട്ടിയുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പട്ടിക നല്‍കുമ്പോള്‍ ഇതേ നഗരസഭയിലെ തന്നെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി വെറുതെ ഇരിക്കുമോ. ഇല്ലേ ഇല്ല. തലസ്ഥാനത്തെ എസ്.എ.ടി ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്ക് പട്ടിക വേണമെന്നാവശ്യപ്പെട്ട് ടിയാനും എഴുതി ആനാവൂരിന് നെടുങ്കനൊരു കത്ത്. സ്ഥിര നിയമനം തന്നെ ആവശ്യാനുസരണം സഖാക്കള്‍ക്ക് വീതിച്ചു നല്‍കുകയും പി.എസ്.സി പരീക്ഷക്ക് പോലും കുട്ടി സഖാക്കള്‍ക്ക് കോപ്പിയടിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന സംസ്ഥാനത്ത് താല്‍ക്കാലിക ജോലികള്‍ നല്‍കാന്‍ സഖാക്കള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തുന്നതില്‍ വലിയ അത്ഭുതം കൂറേണ്ട കാര്യവുമില്ല.