X

ദൈവത്തിന്റെ നാട്ടിൽ കുട്ടികൾക്ക് രക്ഷയില്ല: 8വർഷത്തിനിടെ അതിക്രമത്തിന് ഇരയായത് 33,088 കുട്ടികൾ

ദൈവത്തിന്റെ നാടെന്ന് കീർത്തികേട്ട കേരളത്തിൽ പിഞ്ചോമനകൾക്കെതിരായ പീഡനം അനുദിനം പെരുകുന്നു. വധശിക്ഷവരെ കിട്ടാവുന്ന അതിശക്തമായ പോക്സോ നിയമമുണ്ടെങ്കിലും 8വർഷത്തിനിടെ ഈ ഇനത്തിൽ 33,088 കേസുകളുണ്ടായി. 225കുട്ടികൾ കൊല്ലപ്പെട്ടു. 10,168കുഞ്ഞുങ്ങൾ ലൈംഗിക അതിക്രമത്തിനിരയായി. 1667കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇക്കാലയളവിൽ 74ശൈശവ വിവാഹങ്ങളുമുണ്ടായി. അതിക്രമങ്ങൾക്കിരയായ നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കൃത്യമായ കണക്കില്ല. പുറത്തറിയാതെയും കേസില്ലാതെയും ഒത്തുതീർപ്പായിപ്പോവുന്നതുമായ കേസുകൾ ഇതിന്റെ പലമടങ്ങുണ്ടാവും.

കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾക്കുപിന്നിൽ ലഹരി, കുടുംബപ്രശ്നങ്ങൾ, ക്വട്ടേഷൻ എന്നിങ്ങനെ പല കാരണങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ബാലാവകാശ കമ്മിഷനും പൊലീസിനും ശിശുക്ഷേമസമിതിക്കുമൊന്നും അതിക്രമങ്ങൾ തടയാനാവുന്നില്ല. പോക്സോ കേസുകളേറെയും തിരുവനന്തപുരത്താണ്. 620പോക്സോ ഇരകൾക്ക് സർക്കാർ 14.39കോടി നഷ്ടപരിഹാരം നൽകി. പ്രതിയെ കിട്ടാത്ത കേസുകളിലും ആസിഡാക്രമണങ്ങളിലും നഷ്ടപരിഹാരം നൽകുന്നുണ്ട്. പ്രതികളിലേറെയും അയൽക്കാരും ബന്ധുക്കളും രക്ഷിതാക്കളുടെ സുഹൃത്തുക്കളും അദ്ധ്യാപകരുമാണ്. 2022ലെ 4518പോക്സോ കേസുകളിൽ 115സ്ത്രീകളടക്കം 5002പ്രതികളുണ്ട്. ഒരുവർഷത്തിനകം വിചാരണയും ശിക്ഷയും വേണമെന്നാണ് നിയമമെങ്കിലും നീണ്ടുപോവും. 2022ലെ 4518കേസുകളിൽ വിധിയായത് 68ൽമാത്രം. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് എട്ടെണ്ണത്തിൽ. 13,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നു.

പോക്സോ കേസുകളിൽ അന്വേഷണം പൂർത്തിയാവാൻ കാലതാമസമുണ്ടാവുന്നെന്നും പ്രതികൾക്കെതിരെ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നെന്നും അടുത്തിടെ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ മനുഷ്യാവകാശകമ്മിഷനിൽ തുറന്നുസമ്മതിച്ചിരുന്നു. അന്വേഷണ, വിചാരണ വേളകളിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ചയുണ്ടാവുന്നു. വിചാരണവേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു. പ്രതികളിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് ഒത്തുതീർപ്പാക്കുന്നെന്നും എ.ഡി.ജി.പി പറഞ്ഞിരുന്നു.

webdesk13: