ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ബി.ജെ.പി ലോകത്തിന് മുന്നിൽ നാണം കെടുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിൻ്റെ മെഗാ റാലിയിൽ പങ്കെടുക്കാൻ ദേശീയ തലസ്ഥാനത്ത് എത്തിയതായിരുന്നു അഖിലേഷ് യാദവ്. ഇലക്ടറൽ ബോണ്ട് വിഷയത്തിലും ഭരണകക്ഷിയെ യാദവ് രൂക്ഷമായി വിമർശിച്ചിരുന്നു. ബി.ജെ.പി പറഞ്ഞത്ര കള്ളം ലോകത്ത് വേറെ ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിക്ക് ചില സമയത്ത് അവർ അധികാരത്തിൽ നിന്നും താഴെയിറക്കപ്പെടുമെന്ന ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാണ് അധികാരത്തിൽ വരിക, ആരാണ് പുറത്തുപോകുക എന്നതിൻ്റെ സൂചനയാണ് മീററ്റിൽ പ്രധാനമന്ത്രിയും ഡൽഹിയിൽ പ്രതിപക്ഷവും നടത്തുന്ന റാലി.
ഇ.ഡി, സി,ബി.ഐ, ആദായ നികുതി എന്നിവയെ വിന്യസിച്ച് സംഭാവന ശേഖരിക്കുന്നത് ഒരു പുതിയ കണ്ടുപിടുത്തമാണ്. ബി.ജെ.പി.യോളം കള്ളം പറഞ്ഞ ആരും ഈ പ്രപഞ്ചത്തിലില്ല. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം ലോകമെമ്പാടും ബി.ജെ.പി നാണം കെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാക്കളുടെ റാലി രാംലീല മൈതാനിയിൽ നിന്ന് അംരഭിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ള ഇൻഡ്യ സഖ്യ നേതാക്കൾ റാലിയിൽ പങ്കെടുക്കും.