സര്‍ക്കാറിന്റെ പ്രതിച്ഛായ കൂട്ടാന്‍ നാട്ടുകാര്‍ക്ക് 20 രൂപക്ക് ഊണ്‍വെച്ച് വിളമ്പി വഴിയാധാരമായ കുടുംബശ്രീ ഹോട്ടലുകാര്‍ സബ്‌സിഡി കുടിശ്ശിക കിട്ടാന്‍ ഒടുവില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലേക്ക്. ആറ് കോടി രൂപ സര്‍ക്കാര്‍ കടം പറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വനിതകളാണ് ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ മലപ്പുറത്ത് നിന്ന് പുറപ്പെടുന്നത്.
ഹോട്ടല്‍ നടത്തിപ്പിന് സാധനം വാങ്ങിയ വകയില്‍ ലക്ഷക്കണക്കിന് രൂപ ബാധ്യത വന്ന് സംരംഭകരായ വനിതകള്‍ വലിയ പ്രതിസന്ധിയിലാണ്. പലരും കുടംബപ്രശ്‌നങ്ങള്‍ വരെ നേരിടുന്നു. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിശ്ശിക ലഭിക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. 144 ഹോട്ടലുകളാണ് സര്‍ക്കാര്‍ സബ്‌സിഡി പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നാലെണ്ണം പ്രതിസന്ധി താങ്ങാനാവാതെ അടച്ചു പൂട്ടി.
അടച്ചുപൂട്ടിയാല്‍ കടക്കാര്‍ വീട്ടില്‍ വന്ന് വസൂലാക്കുമെന്നതിനാലും സര്‍ക്കാറില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക കിട്ടാതെ പോകുമെന്നും ഭയന്നാണ് പലരും പിടിച്ചു നില്‍ക്കുന്നത്. 20 രൂപക്ക് ഊണ്‍ കൊടുക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലാണ് നിര്‍ധനവനിതകളുടെ സംരംഭങ്ങള്‍ പെട്ടത്. കോവിഡ് കാലത്ത് സാമൂഹിക അടുക്കളയില്‍ ഭക്ഷണമുണ്ടാക്കി സര്‍ക്കാര്‍ പറഞ്ഞിടത്തെല്ലാമെത്തിച്ചുകൊടുത്തവരാണിവര്‍.