ഡല്‍ഹിയില്‍ ആരംഭിച്ച ജി20 ഉച്ചക്കോടിയിലും ‘ഇന്ത്യ’ക്ക് പകരം രേഖപ്പെടുത്തിയത് ‘ഭാരത്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ രാഷ്ട്രതലവന്‍ എന്നാണ് മോദിയെ ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുര്‍മ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുര്‍മ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ പേര് പൂര്‍ണമായും ഭാരത് എന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ചര്‍ച്ചകളും വിമര്‍ശനവും സജീവമാകുന്നതിനിടെയാണ് നെയിംബോര്‍ഡിലെ പേരുമാറ്റം. 2022 വരെ ജി20 ഉച്ചകോടിയില്‍ ഇന്ത്യ എന്നാണ് രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്.
സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.