പാര്‍ലമെന്റ് സുരക്ഷാ വീഴ്ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത് ഗുരുതര വീഴ്ച്ചയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍ക്കും പാര്‍ലമെന്റിലേക്ക് പ്രവേശിക്കാമെന്ന സന്ദേശമാണിത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. ഇതിനേക്കാള്‍ വലിയ ധിക്കാരവും ധാര്‍ഷ്ട്യവും വേറെയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ചര്‍ച്ചകള്‍ പോലും നടക്കാതെയാണ് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയത്. പ്രധാനമന്ത്രി സഭയെ അവഹേളിക്കുകയായിരുന്നു. അമിതമായ അധികാരം ഉപയോഗിച്ച് അംഗങ്ങളെ പുറത്താക്കി. ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള അവസാന ശ്രമമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നവകേരള സദസ്സ്. നാളെ മന്ത്രിമാര്‍ കരുതല്‍ തടങ്കലില്‍ നിന്നും മോചിതരാവും. കൂട്ടിലിട്ട തത്തകളെ പോലെയായിരുന്നു മന്ത്രിമാര്‍. തന്നെ മന്ത്രിമാരെ കൊണ്ട് ചീത്തവിളിപ്പിക്കുകയാണ്. സിപിഐഎം കേരളത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വി ഡി സതീശന്‍ വിമര്‍ശനം ഉയര്‍ത്തി. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് മുഹമ്മദ് റിയാസ്. മാസപ്പടി വിവാദം വന്നപ്പോള്‍ റിയാസിനെ നാവ് ഉപ്പിലിട്ടുവെച്ചിരിക്കുകയായിരുന്നുവെന്നും റിയാസ് പറഞ്ഞു.