സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്ന പരിഹാസവുമായി കെ. മുരളീധരൻ. ആരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.
“ഭരണം ഉണ്ടെങ്കിലല്ലേ സ്തംഭനമുള്ളൂ. അങ്ങനൊരു സംഭവം ഇല്ല. ഓരോരുത്തർ ഓരോ വഴിക്ക് പോയി. ഒരാള് സിംഗപ്പൂര് പോയി, ഇവിടെ ഉള്ളവര് വേറെ ടൂറ് പോയി. ഞാൻ വിശ്രമിക്കാൻ പോകുവാണെന്ന് പറഞ്ഞാൽ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ആരെയും അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ മുങ്ങിയതുകൊണ്ടാണ് ചോദിച്ചത് എവിടെയാണ്, എങ്ങനെ പോയി, ആരെങ്കിലും സ്‌പോൺസർ ചെയ്‌തോ, അതോ സ്വന്തം കാശിനാണോ എന്നൊക്കെ” – കെ. മുരളീധരന്‍ പറഞ്ഞു.
വടകര മണ്ഡലവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിവെച്ചത് യുഡിഎഫ് അല്ല. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍റെ പരാമർശം ഖേദം പ്രകടിപ്പിച്ചതോടെ അവസാനിച്ചെന്നും മാപ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വടകരയിൽ സർവകക്ഷിയോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കും. എന്നാല്‍ കാഫിർ വിവാദത്തിൽ വിട്ടു വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.