മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനും, സംസ്ഥാന പൊലീസില്‍ ക്രമസമാധാന ചുമലതല വഹിക്കുന്ന എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. കണ്ടാല്‍ എന്താ, എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആദ്യ പ്രതികരണം. ആര്‍.എസ്.എസ് രാജ്യത്തെ ഒരു പ്രധാന സംഘടനയല്ലേ എന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചത്. ഒരു തരത്തിലും പ്രതിരോധിക്കാനാകാതെ വന്നപ്പോള്‍ ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ തന്നെ ദൗത്യം ഏറ്റെടുത്തു.
അതില്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ വ്യാജവാര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്‍ ബിജെപി പാനല്‍ വഴി കയറിപറ്റി എന്നതായിരുന്നു. സിപിഎം പ്രതിനിധികളായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. സിപിഎം പാര്‍ട്ടി ചാനലും മുഖപത്രവും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. ഒപ്പം കിടപിടിക്കുന്ന തരത്തില്‍ സൈബര്‍ പോരാളികളും.
കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവനും ബിജെപിയുടെ സ്വന്തമെന്ന് വിശ്വസിക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കളും അനുഭാവികളും. അത്തരം അജ്ഞതയില്‍ നിന്നും ഉയര്‍ന്ന വാര്‍ത്തയാണ് ചാണ്ടി ഉമ്മനെതിരെ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്‍.എച്ച്.എ.ഐയുടെ പോര്‍ട്ടലില്‍ കയറിയാല്‍ ഏതൊരു അഭിഭാഷകനും സ്വന്തം പേര് എംപാനല്‍ ചെയ്യാനായി അപേക്ഷിക്കാന്‍ സാധിക്കും. ഇതൊരു രാഷ്ട്രീയ നിയമനം അല്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ ഈ പാനലില്‍ ഉണ്ട്. ഇപ്പോള്‍ പുറത്ത് വന്ന ലിസ്റ്റില്‍ സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ബിജെപി എന്നീ പാര്‍ട്ടികളുമായി ബന്ധം ഉള്ളവരുണ്ട്.
പ്രസ്തുത ലിസ്റ്റില്‍ രണ്ടാം നമ്പറില്‍ ഉള്ള അഡ്വ കെ.പി സതീശന്‍ സിപിഎം ബന്ധം ഉള്ള അഭിഭാഷകന്‍ ആണ്. അട്ടപ്പാടി മധു വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചത് ഇതേ അഭിഭാഷകനെയാണ്. വാളയാറില്‍ രണ്ട് പിഞ്ചു ബാലികമാര്‍ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചതും ഇദ്ദേഹത്തെയാണ്. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രണ്ടു കേസുകളിലും കെ.പി സതീശനാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍.
അഭിഭാഷകന്‍ എന്ന നിലയില്‍ ചാണ്ടി ഉമ്മന്‍ നേരത്തെ എന്‍.എച്ച്.എ.ഐ എംപാനലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ടു ഒരു ഫയല്‍ പോലും അഡ്വ. ചാണ്ടി ഉമ്മന്റെ കയ്യില്‍ വന്നിട്ടില്ല. ഇപ്പോള്‍ പഴയ ലിസ്റ്റില്‍ പുതിയ ആളുകളെ കൂടെ കൂട്ടി ചേര്‍ത്ത് ലിസ്റ്റ് പുറത്ത് ഇറങ്ങുകയായിരുന്നു. ചാണ്ടി ഉമ്മന്‍ തന്നെ നേരിട്ട് ബന്ധപ്പെട്ടതോടെ ആ ലിസ്റ്റ് ഇന്നലെ തന്നെ ക്യാന്‍സല്‍ ചെയ്തു.
എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിച്ച് നേതാക്കളും അനുയായികളും ഇപ്പോള്‍ ബിജെപി,ആര്‍എസ്എസ് സ്തുതിപാഠകരായി മാറി എന്നുസാരം.