X

ഈ ക്രൂരതക്ക് അറുതിയില്ലേ-എഡിറ്റോറിയല്‍

ഇസ്രാഈല്‍ പട്ടാളക്കാരുടെ തോക്കിനിരയായി മരിച്ചു വീഴുന്ന ഫലസ്തീനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലും സമീപ പ്രദേശങ്ങളിലുമായി ഒരാളെങ്കിലും അരുംകൊല ചെയ്യപ്പെടാത്ത ദിവസം ഇല്ലെന്നായിരിക്കുന്നു. ചോര പുരണ്ട ഫലസ്തീന്‍ വാര്‍ത്തകള്‍ ഓരോന്നും ക്രൂരതയുടെ കഥ പറയുന്നവയാണ്. ഭൂമി വെട്ടിപ്പിടിക്കുന്നതോടൊപ്പം ഒരു ജനതയെ ഇഞ്ചിഞ്ചായി ഉന്മൂലനം ചെയ്ത് അധിനിവേശത്തിനുള്ള മാര്‍ഗ തടസ്സം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സയണിസ്റ്റ് ഭരണകൂടം. പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ഏറെ രക്തപങ്കിലമായ വര്‍ഷങ്ങളിലൊന്നാണ് കടന്നുപോകുന്നത്. യു.എന്‍ കണക്കു പ്രകാരം ഈ വര്‍ഷം 50 കുട്ടികളടക്കം 200ലേറെ പേര്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇവരെല്ലാവരും കുട്ടികളോ കൗമാരക്കാരോ യുവാക്കളോ ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രായം അമ്പതു കടന്നവര്‍ വളരെ ചുരുക്കം. അധിനിവേശത്തിന്റെ ഏറ്റവും ഭീകരമായ പരീക്ഷണങ്ങളാണ് ഫലസ്തീനുമേല്‍ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെയും യുവാക്കളെയും കൊന്നുതള്ളി ഒരു ജനതയെ ഒന്നടങ്കം അതി വിദഗ്ധമായി തുടച്ചുനീക്കുകയാണ്. പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ഒരു കുഞ്ഞു പോലും ഫലസ്തീനില്‍ അവശേഷിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ഇസ്രാഈല്‍ മുന്നോട്ടുപോകുന്നത്.

1967 മുതല്‍ ഫലസ്തീന്റെ ഭൂപ്രദേശങ്ങളെ ഇസ്രാഈല്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന പൂര്‍ണ ബോധ്യമുണ്ടായിട്ടും അധിനിവേശത്തില്‍നിന്ന് ഒരു തരി പോലും പിന്മാറാന്‍ അവര്‍ തയാറായിട്ടില്ല. ഫലസ്തീനികള്‍ക്ക് സ്വന്തമായി ഒരു ചാണ്‍ ഭൂമി പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുകയാണ്. പകരം ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ ഇടംനേടുന്നു. കുടിയൊഴിഞ്ഞു പോകാന്‍ വിസമ്മതിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തപ്പെടുന്നത് നിത്യക്കാഴ്ചകളാണ്. അധിനിവേശ വെസ്റ്റ്ബാങ്കിന്റെ 18 ശതമാനവും സൈനിക പരിശീലന കേന്ദ്രമായാണ് ഇസ്രാഈല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെയുള്ള ആറായിരത്തിലേറെ ഫലസ്തീനികളെ അനധികൃത താമസക്കാരായി പ്രഖ്യാപിച്ചു കഴിഞ്ഞു. സൈനിക കേന്ദ്രമെന്ന നിലയില്‍ വെടിവെപ്പിന് സാധ്യത ഏറെയുണ്ടെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് കുടിയൊഴിയണമെന്നുമാണ് ഇസ്രാഈലിന്റെ ഭീഷണി. വെസ്റ്റ് ബാങ്കിന് സമീപം ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നരനായാട്ട് തുടരുകയാണ്. ജെനിനിലും സമീപ പ്രദേശങ്ങളിലും ഫലസ്തീന്‍ കുടുംബങ്ങള്‍ സ്വസ്ഥമായി ഉറങ്ങിയിട്ട് മാസങ്ങളായി. ഇവിടെ ഇസ്രാഈല്‍ പട്ടാളക്കാര്‍ നിരങ്ങുകയാണ്. അര്‍ദ്ധരാത്രിക്കു ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പട്ടാളക്കാരുടെ കടന്നുവരവ്. വീടുകളില്‍ ഇരച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിക്കുന്നത് അവര്‍ ക്രൂര വിനോദമാക്കി മാറ്റിയിട്ടുണ്ട്. 10 വയസ്സിന് മുകളിലുള്ളവരെ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊല്ലുന്നതോടൊപ്പം അറസ്റ്റെന്ന പേരില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. എന്തിനും ഏതിനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഭാവത്തിലാണ് ഇസ്രാഈല്‍ സേന ഫലസ്തീന്‍ മണ്ണില്‍ ഭീകര താണ്ഡവമാടുന്നത്. ഫലസ്തീനില്‍ ഇസ്രാഈലിന്റെ തോക്കിനിരയാകാന്‍ പ്രത്യേകിച്ചൊരു കാരണവും വേണ്ട. കണ്ണില്‍ കണ്ടവരെ മുഴുവന്‍ കൊന്നു തള്ളാന്‍ ഇസ്രാഈല്‍ ഭരണകൂടം സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇതിനകം പിടഞ്ഞു മരിച്ചത്.

കഴിഞ്ഞ ദിവസം മഹ്മൂദ് അല്‍ സഅദിയെന്ന പതിനെട്ടുകാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് സ്‌കൂളിലേക്കുള്ള വഴിയിലായിരുന്നു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍നിന്ന് ഇറങ്ങിയ അവന്‍ മാര്‍ഗമധ്യേ ഇസ്രാഈല്‍ പട്ടാളക്കാരുടെ കവചിത വാഹനം കണ്ടു. മുന്നോട്ടു പോകുന്നത് അപകടമാണെന്ന് തോന്നി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മഹ്മൂദിന്റെ വയറിന് വെടിയേറ്റത്. തനിക്ക് വെടിയേറ്റതായി അവന്‍ വിളിച്ചുപറഞ്ഞു. പക്ഷെ, മഹ്മൂദ് തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് അവര്‍ വിചാരിച്ചത്. രക്തം ചീറ്റിയൊഴുകുന്ന വയറുമായി അവന്‍ സുഹൃത്തുക്കളുടെ അടുത്തെത്താന്‍ കുറുച്ചുദൂരം ഓടിനോക്കി. വഴിയില്‍ തളര്‍ന്നു വീണ അവനെ സുഹൃത്തുക്കള്‍ തൊട്ടടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട മഹ്മൂദിന്റെ ചേതനയറ്റ ശരീരമാണ് മണിക്കൂറുകള്‍ക്കുശേഷം വീട്ടില്‍ തിരിച്ചുകയറിയത്്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഓരോ ദിവസവും ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന ഭീകര കൊലപാതകങ്ങളില്‍ ഒന്നു മാത്രമാണിത്. അല്‍ജസീറയുടെ അമേരിക്കന്‍ വംശജയായ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അക്‌ലയെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയ അതേ സ്ഥലത്തായിരുന്നു മഹ്മൂദും വെടിയേറ്റു വീണത്. അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്‍മുന്നില്‍ ഇത്രയേറെ ഭീകരമായി വേട്ടയാടപ്പെടുന്ന മറ്റൊരു ജനത ലോകത്തില്ല. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്കപ്പുറം അവര്‍ക്ക് ആശ്വാസം പകരാന്‍ ഒരാളും മുന്നോട്ടുവരുന്നില്ല. ഇരയോടൊപ്പം ഓടുകയും മറുവശത്ത് വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന നിലപാടാണ് അന്താരാഷ്ട്ര സമൂഹത്തിന്റേത്. ഇസ്രാഈല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പച്ചയായി ന്യായീകരിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള ശക്തികള്‍ക്ക് ഒട്ടും ലജ്ജയില്ല. വംശീയ ഉന്മൂലനത്തിന്റെ ശവപ്പറമ്പായി ഫലസ്തീന്‍ മാറുമ്പോള്‍ ലോകത്തിന്റെ മൗനം ഇസ്രാഈലിനെ കൂടുതല്‍ രക്തദാഹിയാക്കുകയാണ്.

Test User: