X

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമില്ല: കെ.പി.എ മജീദ്

ആലപ്പുഴ: സംസ്ഥാനത്ത് മന്ത്രിമാര്‍ വകുപ്പുകളെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരിക്കുകയാണെന്നും മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൂട്ടുത്തരവാദിത്വമില്ലായ്മക്ക് ഏറ്റവും മികച്ച തെളിവാണ് മുഖ്യമന്ത്രിക്ക് കൂടെക്കൂടെ മന്ത്രിമാരെ തിരുത്തേണ്ടി വരുന്നത്. സര്‍ക്കാരും മന്ത്രിമാരും ജീവനക്കാരോട് ശത്രുതാപരമായാണ് പെരുമാറുന്നത്. ഉദ്യോഗസ്ഥനോട് എങ്ങനെ പെരുമാറണം. എന്ത് പറയണമെന്ന് അറിയാത്തവരാണ് പല മന്ത്രിമാരും. വ്യക്തിതാല്‍പര്യത്തിനും രാഷ്ട്രീയ താല്‍പര്യത്തിനും വേണ്ടിയാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം. ഇതുമൂലം ഉദ്യോഗസ്ഥന്മാര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ ഭയമാണ്. കാര്യങ്ങള്‍ പഠിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി ആരോ എഴുതിക്കൊടുക്കുന്നത് അതേപടി വായിക്കുകയാണ് ചെയ്യുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച മുസ്‌ലിംലീഗ് നിയമസഭ കക്ഷി ഉപനേതാവ് വി. കെ ഇബ്രാഹികുഞ്ഞ് എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ സ്വാധീനത്തിന് വെളിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

chandrika: