ന്യൂഡല്‍ഹി:ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച വിധിയില്‍ സുപ്രീംകോടതിയോടുള്ള കുടുംബത്തിന്റെ പ്രതികരണത്തിന് പിന്നാലെ വികാരാധീനനായി രാഹുല്‍ ഗാന്ധി. കേസിലെ പ്രതീക്ഷ നശിച്ചതായും എല്ലാം ആസൂത്രിതമാണെന്നുമുള്ള ലോയയുടെ കുടുംബത്തിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് വികാരഭരിതമായ കുറിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
“പ്രതീക്ഷ നശിച്ചിട്ടില്ല, ദുരൂഹത പുറത്തുവരുമെന്ന കാര്യത്തില്‍ പ്രത്യാശയുണ്ട്”, കുടുംബത്തോടുള്ള പ്രതികരണമെന്നോണം രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
“യാതൊരു പ്രതീക്ഷയും ഇല്ല, എല്ലാം നിയന്ത്രിക്കപ്പെടുന്നു’ എന്നാണ് ജഡ്ജി ലോയയുടെ കുടുംബം പറയുന്നത്.
എന്നാല്‍ അവരോടു ഞാന്‍ പറയാന്‍ ആഗ്രഹഹിക്കുന്നു, പ്രത്യാശയുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സത്യം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
ജഡ്ജി ലോയ മറന്നുപോകാന്‍ ഇന്ത്യ അനുവദിക്കില്ല, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലോയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ലിങ്കും ഒപ്പം നല്‍കിയിട്ടുണ്ട്.
ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്, പ്രതീക്ഷ നശിച്ചതായും എല്ലാം നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞതായും വ്യക്തമാക്കി ലോയയുടെ കുടുംബം രംഗത്തെത്തിയത്. സുപ്രീം കോടതി വിധി തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നുവെന്നും കുടുംബം വ്യക്തമാക്കി. ലോയയുടെ സഹോദരി അനുരാധ ബിയാനി, അമ്മാവന്‍ ശ്രീനിവാസ് ലോയ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ‘അസ്വാഭാവിക’ വിധിയില്‍ നിരാശ പരസ്യമായി പ്രകടിപ്പിച്ചത്.
സൊഹ്രാബുദ്ദീന്‍ വധക്കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധിപറയാന്‍ ജസ്റ്റിസ് ലോയക്ക് 100 കോയിട രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ സഹോദരി അനുരാധ ബിയാനി നിരാശയോടെയാണ് സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. ‘ഞാന്‍ എന്തു പറയാനാണ്? ഞങ്ങള്‍ക്ക് ഇനി വിശ്വാസമില്ല. കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല.’ അവര്‍ പറഞ്ഞു. ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച് ‘ദ കാരവന്‍’ പ്രസിദ്ധീകരിച്ച ആദ്യ ലേഖനത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ അനുരാധ ബിയാനിയുടേതായിരുന്നു.
ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കുന്നതിനായി സ്വതന്ത്ര അന്വേഷണത്തിന് സുപ്രീം കോടതി ഉത്തവരിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ശ്രീനിവാസ് ലോയ പറഞ്ഞു. ‘ഒരു സ്വതന്ത്ര അന്വേഷണമുണ്ടായിരുന്നെങ്കില്‍ അതായിരുന്നു നല്ലത്. ഇനി ഇക്കാര്യത്തില്‍ ഒരാളില്‍ നിന്നും ഒരു പ്രതീക്ഷയുമില്ല. മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുമൊന്നും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്ില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷയില്ല’ – അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളുമായുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അമിത് ഷായ്‌ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചിരുന്നു. ‘ഇന്ത്യക്കാര്‍ ബുദ്ധിയുള്ളവരാണ്. ബി.ജെ.പി.യില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും അമിത് ഷായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ട്. അമിത് ഷായെപ്പോലുള്ളവരെ ഒരിക്കല്‍ സത്യം കീഴടക്കും. അതാണ് സത്യത്തിന്റെ രീതി; എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.