പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ നടപടിയെ സ്വീകരിച്ച് അദ്ദേഹത്തിന്റെ കുടുംബം. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ സി ഉണ്ണിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഹൈക്കോടതി ഉത്തരവില്‍ പ്രതീക്ഷയുണ്ട്. ലോക്കല്‍ പൊലീസ് അന്വേഷിച്ചു ക്രൈംബ്രാഞ്ചും അന്വേഷിച്ചു സിബിഐ അന്വേഷിച്ചു അവസാനം വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതിക്ക് തന്നെ ബോധ്യമായി. സത്യം തെളിയുമോ ഇല്ലയോ എന്ന് പിന്നീടല്ലെ അറിയാന്‍ പറ്റുകയുളളു. കാരണം അതിനകത്ത് എന്തോ സംഭവിച്ചിട്ടുണ്ട്. ഹൈക്കോടതിക്ക് അത് ബോധ്യമായിട്ടുണ്ടെന്നും’ കെ സി ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു.
സാമ്പത്തിക പ്രശ്‌നം തന്നെയാണ് മരണത്തിന് കാരണം. പിന്നെ പ്രൊഫഷണലിലും ഉണ്ട്. ഒരുപാട് പേര്‍ അവന്റെ കയ്യില്‍ നിന്ന് പണം വാങ്ങിച്ചിട്ടുണ്ട്. 50 ലക്ഷം വാങ്ങിച്ചിട്ടുണ്ട് എന്നൊക്കെ ഒരാള്‍ പറഞ്ഞു. വയലിന്‍ വായിച്ചുനടക്കുന്ന ഒരു പയ്യന് എത്രയെന്ന് വെച്ചിട്ട് കിട്ടാനാണ്. 50 ലക്ഷം വാങ്ങിച്ചുവെന്ന് അവന്‍ തന്നെ വിശ്വസിക്കില്ല. പോവാനുളളത് പോയി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. നാളെ അവന്റെ ശ്രാദ്ധ ദിവസമാണെന്നും പിതാവ് പറഞ്ഞു.
പുനരന്വേഷണത്തിന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ട്. നീതിക്ക് പ്രതീക്ഷയുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധിയാണിതെന്നും ബാലഭാസ്‌കറിന്റെ ബന്ധുവായ പ്രിയ ബാലഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നേരത്തെ കൃത്യമായ അന്വേഷണം നടന്നില്ല. പൊലീസിനും ക്രൈംബ്രാഞ്ചിനും തെളിവുകള്‍ നല്‍കിയിരുന്നുവെന്നും പ്രിയ ബാലഗോപാല്‍ വ്യക്തമാക്കി.