പി.എം മൊയ്തീന്‍ കോയ
കോഴിക്കോട്
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡി.കോളജില്‍ ഏറെ പരിതാപരകരമാണ്. അവശ്യം വേണ്ട നീഡില്‍ ; സിറിഞ്ച് ; ഐ.വി കാനല്‍ : ഗ്ലൗസ് എന്നിവ പോലും സ്‌റ്റോക്ക് പരിമിതമാണ്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവര്‍ മരുന്നിന് ശീട്ടുമായി പുറമേക്ക് പോവുന്നത് പതിവു കാഴ്ചയാണ്. പരിക്കേറ്റ രോഗികള്‍ക്കും മറ്റും അടിസ്ഥാനമായി നല്‍കുന്ന ടി ടി ഇഞ്ചക്ഷനും അലര്‍ജിക്ക് നല്‍കുന്ന അവില്‍ ഗുളികയുമടക്കം ആശുപത്രിയില്‍ സ്‌റ്റോക്കില്ല. സര്‍ജറിക്ക് ശേഷം രോഗിക്ക് നല്‍കുന്ന ലൊറോസിപാം ഇഞ്ചക്ഷന്‍, രക്തം കട്ടപിടിക്കുന്ന അസുഖമുള്ളവര്‍ക്ക് നല്‍കുന്ന എനക്‌സോപാരിന്‍ ഇഞ്ചക്ഷന്‍ എന്നിവയും മെട്രോജില്‍, മാന്നിറ്റോള്‍, ലൊറാസിപാം, ലിവോഫ്‌ളോക്‌സ്, ഹെപ്പാരിന്‍, ഡെക്‌സോണ, അഡ്രിനാലിന്‍ തുടങ്ങിയ ഇഞ്ചക്ഷനുകളും ആശുപത്രിയില്‍ കിട്ടാനില്ല. തലക്ക് പരിക്കേറ്റ് എത്തുന്നവര്‍ക്കും മാനസിക അസുഖമുള്ളവര്‍ക്കും രോഗികള്‍ക്ക് നീര്‍ കെട്ടിന് ആശ്വാസം ലഭിക്കാനും മറ്റും നല്‍കുന്ന മരുന്നുകളാണ് ഇവ. നെഞ്ചിലെ കഫകെട്ടിനും മറ്റും നല്‍കുന്ന അസിത്രോമൈസിന്‍ ഗുളികയും സ്‌റ്റോക്കില്ല.
ആശുപത്രിയില്‍ മരുന്നുകള്‍ തീര്‍ന്നതോടെ രോഗികളെ കുറിപ്പടിയുമായി പുറത്തേക്കയക്കുന്ന പതിവ് തുടരുകയാണ്. ഇതില്‍ പല മരുന്നുകളും അടിയന്തിരമായി ആശുപത്രിയില്‍ അത്യാവശ്യം വേണ്ടവയാണ്. മരുന്നുകള്‍ക്കുളള ഇന്റന്റ് മാര്‍ച്ച 31 വരേയുള്ളവക്കാണ് നല്‍കുന്നത് . ചട്ടമനുസരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ക്വാട്ട അനുസരിച്ചുള്ളവ എത്തേണ്ടതാണ്. എന്നാല്‍ ഏപ്രില്‍ അവസാന വാരമേ എത്തൂ എന്നാണ് പറയപ്പെടുന്നത്. അത് എത്തുന്നത് വരേ ജനം പുറമേ പോയി അധിക വില നല്‍കി വാങ്ങുകയേ നിവൃത്തിയുളളൂ. കോവിഡ് കാരണം മുന്‍ വര്‍ഷങ്ങളില്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.
കോവിഡ് കഴിഞ്ഞതോടെ ചികിത്സ തേടി എത്തുന്ന വരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവെങ്കിലും അതിന് ആനുപാതികമായി മരുന്നുകളുടെ ക്വാട്ട വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്നവരില്‍ ഏറിയ പങ്കും പാവപ്പെട്ടവര്‍ ആകയാല്‍ വര്‍ദ്ധിച്ച വിലക്കുള്ള മരുന്നുകള്‍ പുറമേ നിന്നും വാങ്ങിക്കുക എന്നത് താങ്ങാവുന്നതിലപ്പുറമാണ്. ഇന്‍ഷുര്‍ ഉള്ളവര്‍ക്കാകട്ടെ മരുന്നിന് എത്ര വില കൂടിയാലും പ്രശ്‌നമാകുന്നില്ല. ആശുപ്പത്രിയില്‍ മരുന്നുകള്‍ സ്‌റ്റോക്ക് ഇല്ലാതാകുമ്പോള്‍ വികസന സമിതി ഫണ്ട് ഉപയോഗിച്ച് പോയ കാലങ്ങളില്‍ മരുന്നുകള്‍ വാങ്ങിക്കാറുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആസ്പത്രി വികസന സമിതിക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഏറിയ പങ്കും ജീവനക്കാരുടെ ശമ്പളത്തിന് വിനിയോഗിക്കുന്നതിനാല്‍ അവശ്യം വേണ്ട മരുന്നുകള്‍ പോലും വാങ്ങിക്കാന്‍ സാധിക്കുന്നില്ല. ഒരിടത്ത് മരുന്ന് സ്‌റ്റോക്ക് തീരുമ്പോള്‍ സ്‌റ്റോക്ക് ഉള്ള സ്ഥലത്ത് നിന്നും തല്‍ക്കാലം എത്തിച്ച് പരിഹാരം കാണാറുണ്ടായിരുന്നു. എന്നാല്‍ എല്ലായിടത്തും ഒരുപോലെ ആയതിനാല്‍ അതിനും നിര്‍വാഹമില്ല. അസുഖങ്ങളും അത്യാഹിതങ്ങളും സംഭവിച്ച് എത്തുന്നവര്‍ ആസ്പത്രയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറമേ പോയി വാങ്ങിക്കോളും എന്ന അവസ്ഥയാണ് പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ അവസരമാകുന്നത്. ചികിത്സാ ചിലവ് കൂടിയതിനാല്‍ എത്രയും വേഗം മരുന്നുകള്‍ എത്തിക്കാന്‍ നടപടി ഉണ്ടാവണമെന്ന് പരക്കേ ആവശ്യമുയരുന്നു.