കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് എത്തിക്കാന്‍ രോഗികളോട് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍. മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയില്ലെങ്കില്‍ ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ളത്. ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി.
കടുത്ത മരുന്ന് ക്ഷാമത്തിലും ഉപകരണങ്ങളുടെ ക്ഷാമവും മൂലം രോഗികളും കൂട്ടിരിപ്പുകാരും പ്രതിസന്ധിയിലാണ്. രക്തം ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ രോഗികള്‍ അതും നേരിട്ട് വാങ്ങി നല്‍കുകയാണ്. കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളിലും മരുന്നുകള്‍ കിട്ടാനില്ല. കഴിഞ്ഞ പത്താം തീയതി മുതലാണ് മരുന്നു കമ്പനികള്‍ വിതരണം നിര്‍ത്തിവെച്ചത്. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്.
60% എങ്കിലും കുടിശ്ശിക നികത്തണം എന്നാണ് ആവശ്യം. രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ട് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. അതേസമയം വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 200 കോടിയോളം രൂപയുടെ സര്‍ക്കാര്‍ വിഹിതം ആശുപത്രിക്ക് ലഭിക്കാനുണ്ട്.