പള്ളികള്‍ക്കയച്ച പോലീസ് സര്‍ക്കുലര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണോ അതോ മാരാര്‍ജി ഭവനില്‍നിന്നോ എന്നതില്‍ വ്യക്തത വരുത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം. വിവാദ സര്‍ക്കുലറിന് പിറകിലെ ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് പറയപ്പെടുന്ന മുഖ്യമന്ത്രി വിവാദ സര്‍ക്കുലറിനെ കുറിച്ച് നിലപാട് വ്യക്തമാക്കണം. വഖഫ് ബോര്‍ഡ്,സ്‌കോളര്‍ഷിപ്പ് വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഒരു കാര്യത്തിന് ഇപ്പോഴും അടിവരയിടുന്നു. ”എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് മുസ്ലിംകള്‍ക്കെതരായി ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്”.- പി.എം.എ സലാം പറഞ്ഞു.
കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ എവിടേയും നാടിന്റെ സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും കോട്ടം വരുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതായി ഇക്കാലമത്രയും ഒരു ആരോപണം പോലും ആരും ഉയര്‍ത്തിയിട്ടില്ല. അത്തരത്തിലുളള പ്രഭാഷണങ്ങളോ പ്രവര്‍ത്തികളോ പളളി ഇമാമുമാരില്‍ നിന്ന് ഉണ്ടായതായി ആര്‍ക്കും കേട്ട്കേള്‍വി പോലുമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ഇതാണെന്നിരിക്കെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വെളളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതി പാടില്ലെന്ന പോലീസ് സര്‍ക്കുലര്‍ മുസ്ലിം സമുദായത്തോടുളള വെല്ലുവിളിയാണ്. സംഘ്പരിവാര്‍ രാജ്യത്തുടനീളം പയറ്റിവരുന്ന ഇസ്ലാമോഫോബിയ ക്യാമ്പയിന്‍ കേരളത്തിലെ ആഭ്യന്തരവകുപ്പും ഏറ്റെടുത്തതിന്റെ നഗ്നമായ ഉദാഹരണമാണ് പളളി അധികൃതര്‍ക്കുളള പുതിയ സര്‍ക്കുലര്‍. – അദ്ദേഹം വ്യക്തമാക്കി.