X
    Categories: indiaNews

ബജറ്റിനു മുന്നേ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നേ രണ്ടാം മോദി സര്‍ക്കാറില്‍ അഴിച്ചുപണിക്ക് നീക്കമെന്ന് സൂചന. ചിലരെ ഒഴിവാക്കിയും മറ്റുചിലരെ പുതുതായി ഉള്‍പ്പെടുത്തിയും കാര്യമായ മാറ്റങ്ങളോടെ നടത്തുന്ന അഴിച്ചുപണിക്കൊപ്പം കേന്ദ്രമന്ത്രിസഭാ വിപുലീകരണവും ഉണ്ടായേക്കുമെന്നാണ് വിവരം. 2023ല്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ നിയമസഭാ നടക്കാനിരിക്കുന്നതും 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് അഴിച്ചുപണി.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയുടെ കാലാവധി ജനുവരി 20ന് അവസാനിക്കാനിരിക്കെ, സംഘടനാ തലത്തിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം ചേരുന്നുണ്ട്. ഇതില്‍ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള അഴിച്ചുപണികള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കിയേക്കും. 2021 ജൂലൈ 7 നാണ് ഒടുവില്‍ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. അന്ന് 12 മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. ത്രിപുര, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 2024 മെയ് – ജൂണ്‍ മാസങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക.

ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; കര്‍ണാടക മന്ത്രിസഭയിലും അഴിച്ചുപണിക്ക് അമിത് ഷാ

ബെംഗളൂരു: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താനുള്ള നീക്കവുമായി അമിത് ഷാ. വൈകാതെ ഇതുസംബന്ധിച്ച നീക്കങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ചിലര്‍ക്ക് വകുപ്പു മാറ്റം നല്‍കിയും മറ്റു ചിലരെ പുതുതായി ഉള്‍പ്പെടുത്തിയും മന്ത്രിസഭ വികസിപ്പിക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ ആറു മാസത്തില്‍ താഴെ മാത്രം ശേഷിക്കെയാണ് നടപടി. മുന്‍ മുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ, മുന്‍ മന്ത്രി രമേശ് ജിര്‍ക്കിഹോളി എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയുമായി നല്ല ബന്ധത്തിലല്ലാത്ത ഇരുവരും പാര്‍ട്ടിയുമായും അകല്‍ച്ചയിലാണ്. ഇത് പരിഹരിക്കുകയാണ് മന്ത്രിസഭാ പ്രവേശനം നല്‍കുക വഴി ലക്ഷ്യമിടുന്നത്.

കൂടാതെ പഴയ മൈസുരു മേഖലയില്‍ ഇതുവഴി സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. പരമ്പരാഗതമായി ജെ.ഡി.എസ്, കോണ്‍ഗ്രസ് ക്വാട്ടയാണ് പഴയ മൈസുരു. 2019ല്‍ ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മാത്രമാണ് ഇവിടെ ബി.ജെ.പിക്ക് തെല്ലെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്. ഇവിടേക്ക് കടന്നു കയറുകയാണ് ബി.ജെ.പി ലക്ഷ്യം.

മന്ത്രിസഭാ വികസനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിന് അമിത് ഷാ ഇന്നലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രി ബൊമ്മെയെ കൂടാതെ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുത്തു.

webdesk11: