X

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങള്‍

ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം

സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ച ശരിവെച്ച് ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 50 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായാണ് കണക്കുകള്‍. 2016 മെയ് 25 മുതല്‍ 2021 ഡിസംബര്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 47 ആയിരുന്നു. അതിന് ശേഷം മൂന്ന് കൊലപാതകങ്ങള്‍ കൂടി നടന്നതോടെ ഇപ്പോഴത് അമ്പതിലേക്ക് എത്തി. രാഷ്ട്രീയകൊലപാതകങ്ങള്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും അത് തുടരുകയാണെന്നത് വിരോധാഭാസം. കിഴക്കമ്പലത്ത് സി.പി.എമ്മുകാര്‍ ട്വന്റി-ട്വന്റി പ്രവര്‍ത്തകനെ തല്ലിക്കൊന്നപ്പോള്‍ നാവടക്കിയ സി.പി.എമ്മുകാര്‍ കണ്ണൂരില്‍ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ആര്‍.എസ്.എസുകാരാണ് കൊലപാതകികളെന്ന് ആരോപിച്ച് സി.പി.എമ്മുകാര്‍ പ്രതിഷേധിക്കുന്നത് സ്വന്തം സര്‍ക്കാറിന് എതിരെയാണെന്ന് അവര്‍ അറിയുന്നില്ല. പിണറായി സര്‍ക്കാറിന് കീഴില്‍ സി.പി.എമ്മുകാര്‍ക്കു പോലും ജീവഭയത്തോടെ ജീവിക്കേണ്ട സ്ഥിതി. അതേസമയം, സി.പി.എമ്മിന്റെ അപ്രമാദിത്വമാണ് പല കൊലയക്കും കാരണമെന്നാണ് മറുഭാഗത്തിന്റെ വാദം.ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതില്‍ പൊലീസിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് സംസ്ഥാനത്തിന്റെ പോക്ക്.

മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോഴും ആഭ്യന്തര വകുപ്പാണ് വിമര്‍ശനം കേള്‍ക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2016 മെയ് 25 മുതല്‍ ഇന്നലെ വരെ വിവിധയിടങ്ങളിലായി 22 സി.പി.എം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടെന്ന് കണക്കുകള്‍. ഇതില്‍ 16 കേസുകളിലും കൊലയാളികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. കഴിഞ്ഞ വര്‍ഷം മാത്രം 8 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് സംസ്ഥാന െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ്.

കേരളം നമ്പര്‍ വണ്‍ ആണെന്ന പ്രചരണവും പേറിനടക്കുന്നവര്‍ക്ക് ഇതൊന്നും കണ്ണില്‍പ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം. ഏറ്റവുമധികം കൊലപാതകം നടന്ന ജില്ല കണ്ണൂരാണ്. പതിനൊന്ന് കൊലപാതകങ്ങളാണ് കണ്ണൂരില്‍ മാത്രം നടന്നിരിക്കുന്നത്. തൊട്ടുപിന്നില്‍ തൃശൂര്‍ ആണ്. ഇവിടെ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായിരിക്കുന്നത് എട്ട് യുവാക്കളാണ്. ഇക്കാലയളവില്‍ 19 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നാലു പേരും മുസ്‌ലിംലീഗ്,യൂത്ത് ലീഗുകാരായ ആറു പേരും എസ്. ഡി.പി.ഐ രണ്ടും, ഐ. എന്‍.ടി.യു.സി. ഒന്നും , ഐ. എന്‍.എല്‍. ഒന്നും , ട്വന്റി ട്വന്റി ഒന്നും പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

Test User: