വയനാട്ടില്‍ ഭൂമിക്കുലുക്കമുണ്ടായിട്ടില്ലെന്ന് വയനാട് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. സമീപ പ്രദേശങ്ങളില്‍ ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനത്തിന്റെ ശബ്ദം കേട്ടതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പല തട്ടുകളിലായി വലിയ മണ്‍കൂനകള്‍ ഉണ്ടാകാറുണ്ട്. ഈ പാളികള്‍ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളില്‍ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്. വയനാട്ടില്‍ ഇതാകാം അനുഭവപ്പെട്ടതെന്നും കലക്ടര്‍ വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.