ഇന്ന്, ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനം. വ്യാജഭിന്നശേഷിക്കാര്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ കൈക്കലാക്കി സര്‍ക്കാര്‍ ജോലികളില്‍ തുടരുന്നുകൊണ്ടിരിക്കുകയാണ്. 1995ലെ അംഗപരിമിതര്‍ക്കുള്ള കേന്ദ്രനിയമത്തിനനുസരിച്ച് ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് നടപ്പാക്കിയ പ്രത്യേക നിയമനം വഴിയാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നിരവധിആളുകള്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റിയത്. ഭിന്നശേഷിക്കാരുടെ സംഘടനകള്‍ നിയമപോരാട്ടം നടത്തിയിട്ടും വ്യാജന്മാര്‍ ജോലിയില്‍ തുടരുകയാണ്. ഭരണഘടനാസാധുതയുള്ള നിയമങ്ങളൊന്നും ഭിന്നശേഷിക്കാര്‍ക്ക് ഇല്ലാതിരുന്നതി നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എക്‌സിക്യൂട്ടിവ് ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്.
കേന്ദ്രനിയമം വന്നതോടെ ഭിന്നശേഷിക്കാരെ ഓര്‍ത്തോ, ബധിര-മൂകവിഭാഗം, അന്ധര്‍ എന്നിങ്ങനെ മൂന്ന് വിഭാഗക്കാരായി തിരിച്ച് കേരളത്തിലും സര്‍ക്കാര്‍ ഒഴിവുകളില്‍ നിയമനം ആരംഭിക്കുകയായിരുന്നു. ഓരോ ജില്ലകളിലെയും ജനസംഖ്യ അനുസരിച്ചാണ് നിയമനം നടത്തിയിരുന്നത്. സംസ്ഥാനത്താകമാനം വര്‍ഷത്തില്‍ 152 പേരെയാണ് ഇതിലൂടെ നിയമിച്ചിരുന്നത്.
എന്നാല്‍, ഡോക്ടര്‍മാരില്‍നിന്ന് ബധിരന്‍,മൂകന്‍ എന്നിങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി വൈകല്യമില്ലാത്ത നിരവധിപേര്‍ സര്‍വിസില്‍ കയറിയിരിക്കുകയാണ്. പിന്നീട് 2004ലാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥിരം സംവരണ നിയമനങ്ങള്‍ കേരള സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ പി.എസ്.സിക്ക് കൈമാറിയത്. എന്നാല്‍, ഇതിനകം വൈകല്യമുണ്ടെന്ന വ്യാജ്യേന നിരവധി പേര്‍ വിവിധ ജില്ലകളില്‍ സര്‍വിസില്‍ കയറിയിരുന്നു.ഇതിനെതിരെ ഡിഫറന്റ്റി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്ല്യു.എഫ്) നിയമനടപടിയടക്കം സ്വീകരിച്ചതോടെ 2010ല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു
വൈകല്യമുണ്ടെന്ന് അഭിനയിക്കുന്നവരാണ് ഇവരെന്ന് അന്വേഷണ കമീഷന്‍ കണ്ടെത്തിയത്. തുടര്‍ന്ന് പലര്‍ക്കുമെതിരെ നടപടി വന്നുവെങ്കിലും ഇപ്പോഴും നിരവധിപേര്‍ സര്‍വിസില്‍ തുടരുകയാണ്.