X
    Categories: indiaNews

കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷ വകുപ്പിനെ സാമൂഹിക നീതി ശാക്തീകരണ വകുപ്പിനു കീഴിലേക്ക് ലയിപ്പിക്കാനാണ് നീക്കം.

ന്യൂനപക്ഷ ക്ഷേമത്തിനായി മാത്രം പ്രത്യേകം ഒരു മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സാമൂഹിക നീതി ശാക്തീകരണ വകുപ്പുമായി ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2006 ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ന്യൂനപക്ഷ കാര്യ വകുപ്പ് 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്തു ബുദ്ധ, സിഖ്, ജൈന വിഭാഗങ്ങള്‍ക്കായി പ്രത്യേകം ശ്രദ്ധ നല്‍കി പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കാനായിരുന്നു ന്യൂനപക്ഷ വകുപ്പ് വഴി യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

ഈയിടെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നക്വി രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി രാജി വെച്ചതിനു ശേഷം വകുപ്പിന് പുതിയ മന്ത്രിയെ നിയോഗിച്ചിരുന്നില്ല. പകരം വനിത ശിശുവികസന മന്ത്രികൂടിയായ സ്മൃതി ഇറാനിക്ക് പ്രത്യേക ചുമതല നല്‍കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന് ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.

Test User: