ലോകത്ത് 170-ലധികം ആയോധനകലകളുണ്ട്. കരാട്ടെ, കുങ്ഫു തായ്ക്വോണ്ടോ തുടങ്ങിയ ചിലതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും, ആയോധന കലകള്‍ ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നാണ് വരുന്നത്. പലതും ചൈന, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ്. ശാരീരികവും മാനസികവുമായി പോരാട്ടമുറകള്‍ സ്വായത്തമാക്കുന്ന കലയാണ് ആയോധനകല. സ്വയരക്ഷക്കായോ പ്രതിയോഗ്യതയ്ക്കായോ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് വേണ്ടിയോ അനുഷ്ഠിക്കുന്ന കലയാണ് ഇത്. സ്വയം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങള്‍ കൂടി ഓരോ ആയോധന കലകളും നല്‍കുന്നുണ്ട്. ലോകത്ത് പ്രസിദ്ധമായതും പ്രധാനപ്പെട്ടതുമായ കുറച്ച് ആയോധനകലകളെ പരിചയപ്പെടാം..
കരാട്ടെ
ഒരു ജാപ്പനീസ് ആയോധനകലയാണ് കരാട്ടെ. വെറും കൈ എന്നാണ് കാരത്തെയുടെ ശരിയായ അര്‍ത്ഥം. ശരീരം തന്നെ ആയുധമാക്കുന്നത് കൊണ്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്. കരാട്ടെ പരിശീലിക്കുന്ന ഇടത്തെ ഡോജോ എന്നാണ് വിളിക്കുന്നത്. കരാട്ടെ പരിശീലിക്കുന്നത് ‘ഴശ’ എന്ന വസ്ത്രം അണിഞ്ഞു കൊണ്ടാണ്,കൂടെ ഗ്രേഡ് വ്യക്തമാക്കുന്ന ബെല്‍റ്റും അണിയുന്നു. കരാട്ടെ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥിയെ ‘കരാട്ടെക്ക’ എന്നും അദ്ധ്യാപകനെ ‘സെന്‍സായ്’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ബെല്‍റ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയില്‍ ഗ്രേഡ് കണക്കാക്കുന്നത് വെള്ള മുതല്‍ കറുപ്പ് വരെ (ബ്ലാക്ക് ബെല്‍റ്റ്) വരെ നീണ്ടു പോവുന്ന ഗ്രേഡുകള്‍.
കുങ്ഫു
സിനിമകളിലും മറ്റു കഥകളിലും കേട്ടു പരിചയമുള്ള ഒരു വാക്കാണല്ലോ കുങ്ഫു. ഇത് ഒരു ചൈനീസ് ആയോധന കലയാണ്. മെയ്യ് നീക്കങ്ങളും കൈ-കാല്‍ പ്രയോഗങ്ങളും ആയുധപ്രയോഗങ്ങളും ചേര്‍ന്ന ഒരു അഭ്യാസ കലയാണ് ഇത്. കഠിനപ്രയത്‌നം, പൂര്‍ണ്ണത എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. മുമ്പ് ഈ ആയോധനകല ഷാവോലിന്‍ ചുവാന്‍ ഫാ എന്നറിയപ്പെട്ടിരുന്നു. പിന്നീട് ഷാവോലിന്‍ കങ്ഫു എന്നു വിളിക്കപ്പെട്ടു.
ബോക്‌സിങ്
പലപ്പോഴും ബോക്‌സിങ് അനുകരിച്ചവരാണ് നമ്മള്‍.. ഏറ്റവും പഴക്കമുള്ളതും ഏറ്റവും ജനപ്രിയവുമായ സ്‌പോര്‍ട്‌സുകളില്‍ ഒന്നാണ് ഇത്. രണ്ടു പേര്‍ പരസ്പരം ഒപ്പം നിന്ന് പോരാടുന്നതാണ് ഇതിന്റെ രീതി. ഇതിന്റെ അടിസ്ഥാന കാര്യങ്ങള്‍ വളരെ ലളിതമാണെങ്കിലും ഒളിമ്പിക് ബോക്‌സിങ്ങിന് സങ്കീര്‍ണമായ ഒരു കൂട്ടം നിയമങ്ങള്‍ ഉണ്ട്.
തായ്‌കൊണ്ടോ
നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള ഒരു ആയോധനകലയാണിത്. ദക്ഷിണ കൊറിയയുടെ ദേശീയ കായികവിനോദമാണ് തായ്‌കൊണ്ടോ. മറ്റേതൊരു ആയോധന കലയെക്കാളും ഇന്ന് ടേക്വോന്‍ ഡോ ലോകത്ത് പ്രചരിപ്പിക്കുന്നുണ്ട്. ഒരു എതിരാളി നിങ്ങളെ ആക്രമിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദോഷകരമായി ഒന്നും ബാധിക്കില്ല എന്നതാണ് ഈ ആയോധനകലയുടെ ലക്ഷ്യം.ഇതിനും റാങ്കിങ് അടിസ്ഥാനത്തില്‍ ബെല്‍റ്റുകള്‍ നല്‍കുന്നുണ്ട്.
സുമോ
ജപ്പാന്റെ ദേശീയ കായിക വിനോദമാണ് സുമോ ഗുസ്തി. രണ്ടു ഗുസ്തിക്കാര്‍ തമ്മില്‍ നടത്തുന്ന ഒരു ഗുസ്തിയാണിത്. ഷിന്റോ ദേവാലയങ്ങളില്‍ ദേവപ്രീതിക്കായുള്ള അനുഷ്ഠാനമെന്ന നിലയിലാണ് പണ്ടുകാലത്ത് സുമോ ഗുസ്തി നടന്നിരുന്നത്. എതിരാളിയെ മലര്‍ത്തിയടിക്കുകയോ ദോഹ്യോ എന്ന മല്‍സരം നടക്കുന്ന വലയത്തിനു പുറത്താക്കുകയോ ചെയ്യുകയാണ് ലക്ഷ്യം. ജപ്പാനിലാണ് ഈ ആയോധനമല്‍സരം ആരംഭിച്ചത്. ജപ്പാനില്‍ മാത്രമേ ഇത് പ്രൊഫഷണല്‍ മല്‍സരമായി നടത്തപ്പെടുന്നുള്ളു. സുമോ പരിശീലനക്കളരിയില്‍ പാരമ്പര്യ വിധികള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ചു ജീവിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. അവരുടെ ഭക്ഷണം മുതല്‍ വസ്ത്രധാരണം വരെ ഇതില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
ഗുസ്തി
ഒരു പോരാട്ട മത്സരമാണ് ഗുസ്തി. അള്ളിപ്പിടുത്തം പോലെയുള്ള രീതികളാണ് ഇതില്‍ പ്രയോഗിക്കുന്നത്. എതിരാളിയെ ഒരേ നിലയില്‍ നിശ്ചിത സമയം പൂട്ടിയിടുക എന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത. പ്രാചീനകാലത്തില്‍ മല്ലയുദ്ധം എന്നാണ് ഗുസ്തി അറിയപ്പെട്ടിരുന്നത്.
ഇന്ത്യയില്‍ പ്രചാരമുള്ള ഗുസ്തിയുടെ പേരാണ് പെഹല്‍വാനി. നാല് തന്ത്രങ്ങളാണ് ഇതില്‍ ഉള്ളത്.ഗുസ്തിയില്‍ ഇന്ത്യക്കാര്‍ക്ക് എക്കാലവും വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു ഗുലാം മുഹമ്മദ്. ദി ഗ്രേറ്റ് ഗാമ, പഞ്ചാബ് സിംഹം എന്നീപേരുകളില്‍ അറിയപ്പെട്ടിരുന്ന ഗുലാം മുഹമ്മദ് ഒരു മത്സരത്തില്‍പോലും തോറ്റിട്ടില്ലാത്ത ചരിത്രത്തിലെ ഏക ഗുസ്തിക്കാരനാണ്.
ജൂഡോ
ജപ്പാനിലെ ഒരു മല്ലയുദ്ധമുറയാണ് ജൂഡോ. ഇത് ജുജിട്‌സു എന്ന ആയോധനകലയില്‍ നിന്നും വികസിപ്പിച്ചെടുത്തതാണ്. ജൂഡോ എന്ന കലയുടെ സ്ഥാപകന്‍ ജിഗാരോ കാനോ ആണ്. ജൂഡോ എന്നാല്‍ ‘മാന്യമായ വഴി’ എന്നാണര്‍ത്ഥം. ഇതില്‍ ഇടി, ചവിട്ട്, ആയുധം ഇവ ഉണ്ടെങ്കിലും മറ്റു ആയോധനകലകളില്‍ നിന്നു വ്യത്യസ്തമായി ഇവ ‘കത്ത’ എന്നറിയപ്പെടുന്ന ഇനത്തില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ, മത്സരങ്ങളില്‍ ഇവ ഉള്‍പ്പെടുത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ആധുനിക ആയോധന കലയും പിന്നീട് ഒളിമ്പിക്‌സും ജൂഡോയെ ആയോധന കലയായി പരിഗണിച്ചു.
കളരിപ്പയറ്റ്
കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കേരളത്തില്‍ എല്ലാ വിഭാഗക്കാരും കളരിപ്പയറ്റ് അഭ്യസിക്കുന്നു. പൂരക്കളി, മറുത്ത്കളി, കഥകളി, കോല്‍കളി, വേലകളി, തച്ചോളിക്കളി തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റില്‍ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കളരിപ്പയറ്റ് പഠിപ്പിക്കുന്ന സ്ഥലമാണ് ‘കളരി’.