X

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പദ്ധതികളില്ല:വിശ്വാസ്യതയോ യാഥാര്‍ത്ഥ്യ ബോധമോ ഇല്ലാത്ത ബജറ്റ്; വി.ഡി സതീശന്‍

യാഥാര്‍ഥ്യ ബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്റ് മാത്രമാണ് ഈ ബജറ്റ്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളോ നയരൂപീകരണമോ ബജറ്റിലില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇത്തവണയും അതുപോലുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ബജറ്റിന്റെ വിശ്വാസ്യതയിലും സംശയമുണ്ട് അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച വാക്സിന്‍ ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ളവ ഇതുവരെ നടപ്പായില്ല. ഏറ്റവുമധികം കോവിഡ് രോഗികളും മരണവും ഉണ്ടായ സംസ്ഥാനമാണ് കേരളം. പോസ്റ്റ് കോവിഡ് സംബന്ധിച്ച ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് മരിക്കുന്നത്. എന്നാല്‍ അതു സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമായ സാഹചര്യത്തിലും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങളോ ശ്രമമോ ബജറ്റിലില്ല. മഹാമാരിക്കാലത്തെ സമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നും പറയുന്നതല്ലാതെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള ഒരു പ്രോജക്ടുകളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി കൊടുത്ത 172 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഈ സാഹചര്യത്തില്‍ ഈ ബജറ്റിലെ പ്രഖ്യാനങ്ങള്‍ക്കും വിശ്വാസ്യതയില്ല അദ്ദേഹം ചുണ്ടിക്കാട്ടി.

സംസ്ഥാനത്ത് വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ 30 ശതമാനത്തിലധികം നികുതി വര്‍ധനവുണ്ടാകുമെന്നും ഏറ്റവുമധികം ഗുണം ലഭിക്കുന്ന സംസ്ഥാനം കേരളമായിരിക്കുമെന്നുമാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത്. എന്നാല്‍ കേരളത്തിലെ ശരാശരി നികുതി വര്‍ധന പത്ത് ശതമാനത്തില്‍ താഴെയാണ്. ജി.എസ്.ടിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും വാറ്റിന് അനുയോജ്യമായ രീതിയിലാണ് കേരളത്തിലെ നികുതി ഭരണ സംവിധാനം. ഇത് മാറ്റണമെന്ന് പ്രതിപക്ഷം നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു പ്രഖ്യാപനങ്ങളും ബജറ്റിലില്ല. നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകകയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി കുടിശിക പിരിച്ചെടുക്കാനുള്ള ആംനെസ്റ്റി സ്‌കീം തുടരുമെന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ആംനെസ്റ്റി സ്‌കീമുകളെല്ലാം പരിതാപകരമായി പരാജയപ്പെട്ട ചരിത്രമാണുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതീക്ഷിച്ചതിനേക്കേള്‍ 72608 കോടി രൂപയുടെ നികുതി കുറവാണുണ്ടായിരിക്കുന്നത്. ഇത് തൊട്ടു മുന്‍പുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 30000 കോടി രൂപയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം തന്നെ 30000 കോടിരൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇത് നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മയെയാണ് കാണിക്കുന്നത്. 2020-21 ല്‍ ആംനെസ്റ്റി സ്‌കീം പ്രകാരം 9642 കോടി രൂപയാണ് പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് കിട്ടിയത് 270 കോടി രൂപ മാത്രമാണ്. യാഥാര്‍ത്ഥ്യ ബോധ്യമില്ലാത്തതാണ് ആംനെസ്റ്റി സ്‌കീം എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അതേ സ്‌കീം ഈ വര്‍ഷവും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

പ്രളയ സെസിലൂടെ പിരിച്ചെടുത്ത 2190 കോടിയില്‍ ഒരു രൂപ പോലും റീ ബില്‍ഡ് കേരളയ്ക്കു വേണ്ടി ചെലവഴിച്ചില്ല. ലോക ബാങ്കില്‍ നിന്നും ലഭിച്ച ആദ്യ ഗഡുവായ 1780 കോടി രൂപയും പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ചെലവഴിച്ചില്ല. ഇങ്ങനെ നാലായിരത്തോളം കോടി ശമ്പളം കൊടുക്കാന്‍ വേണ്ടി വകമാറ്റിയവരാണ് റീ ബില്‍ഡ് കേരളയുമായി മുന്നോട്ടു പോകുമെന്ന് വീണ്ടും ഊറ്റം കൊള്ളുന്നത്. കഴിഞ്ഞ ബജറ്റില്‍ റീ ബില്‍ഡ് കേരളയ്ക്കു വേണ്ടി നീക്കിവച്ച 1830 കോടി രൂപയില്‍ 388 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. എന്നിട്ടും 1600 കോടി രൂപ ഈ ബജറ്റിലും നീക്കി വച്ചിട്ടുണ്ട്. ഇതില്‍ എന്ത് വിശ്വാസ്യതയാണുള്ളത്? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 7280 കോടിയില്‍ 51 ശതമാനത്തില്‍ താഴെ മാത്രമാണ് ചെലവഴിച്ചത്. പട്ടികജാതി- പട്ടിക വര്‍ഗങ്ങള്‍ക്കു വേണ്ടി വച്ച തുകയിലും 50 ശതമാനത്തില്‍ താഴെ മാത്രമെ ചെലവഴിക്കാനായുള്ളൂ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വരുമാനത്തിലെ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. എന്നാല്‍ 9432 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ചെലവിനായി കഴിഞ്ഞ വര്‍ഷം മാറ്റിവച്ചിട്ട് അതില്‍ 67 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ചെലവഴിച്ചില്ലെങ്കില്‍ കേന്ദ്ര വിഹിതം ലഭിക്കില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളും നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയ പരാജയമാണ് അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രെയ്ന്‍ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇന്ധന വില വര്‍ധനവുണ്ടായാല്‍ അതില്‍ നിന്നുള്ള നികുതി വരുമാനം കൂടുതലായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധിച്ചാല്‍ അധികമായി ലഭിച്ചേക്കാവുന്ന നികുതി വരുമാനം വേണ്ടെന്നു വയ്ക്കുമെന്ന പ്രഖ്യാപനം ബജറ്റില്‍ നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല അദ്ദേഹം ചൂണ്ടിക്കാട്ടി

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോഴും രണ്ടു ലക്ഷം കോടി രൂപയോളം ബാധ്യത വരുന്ന സില്‍വര്‍ ലൈനിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പോലെ ആസൂത്രണ പ്രക്രിയ പൂര്‍ണമായും തകര്‍ത്ത് പ്രോജക്ടുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലതുപക്ഷ സമീപനമാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. വാചകമടി അല്ലാതെ ഇടതുപക്ഷ നിലപാടുകളൊന്നും ബജറ്റില്‍ കാണുന്നില്ല. വലതുപക്ഷ നിലപാടിലേക്ക് സര്‍്ക്കാരും സി.പി.എമ്മും പൂര്‍ണമായും മാറുകയാണെന്നതിന്റെ കൃത്യമായ അടയാളങ്ങള്‍ ഈ ബജറ്റിലുണ്ട്. കേരളത്തിന്റെ അപകടകരമായ സമ്പത്തിക നില മറച്ചുവയ്ക്കാനും ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പൊള്ളയായ ബജറ്റാണിത് അദ്ദേഹം പറഞ്ഞു.

Test User: