കൊച്ചി: ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളെ ടീമിലെത്തിക്കില്ല. ഇക്കാര്യം കോച്ച് ഇവാന്‍ വുകോമനോവിച്ച് സ്ഥിരീകരിച്ചു. നിലവിലുള്ള വിദേശ താരങ്ങളില്‍ തൃപ്തരാണെന്ന് ഇന്ന് ഗോവക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കവേ കോച്ച് പറഞ്ഞു. ഈ സീസണ്‍ നിലവിലുള്ള താരങ്ങളുമായി തന്നെ തുടരും.
പുതിയ ഇന്ത്യന്‍ താരങ്ങളെ സൈന്‍ ചെയ്ത് ടീമിന് പുതുമ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മികച്ച ഫോമിലാണ് വിദേശ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി പന്തു തട്ടുന്നത്. അല്‍വാരോ വാസ്‌കസ്, അഡ്രിയാന്‍ ലൂണ, ജോര്‍ജ് പെരേര ഡയസ്, മാര്‍കോ ലെസ്‌കോവിച്ച്, ചെഞ്ചോ, എനെസ് സിപോവിച്ച് എന്നിവരാണ് നിലവില്‍ ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍. ഇന്ന് ഗോവക്കെതിരെ രണ്ടു ഗോള്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനക്കാരാവാം.
എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ ഏഴു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. ഉദ്ഘാടന മല്‍സരത്തില്‍ ഏ.ടി.കെ കൊല്‍ക്കത്തയോട് മാത്രമാണ് സീസണില്‍ മഞ്ഞപ്പട തോറ്റത്. അതിന് ശേഷം ചില സമനിലകള്‍. പക്ഷേ മുംബൈ സിറ്റിയെയും ചെന്നൈയെയും തകര്‍ക്കാനായി.