X
    Categories: indiaNews

നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മണിപ്പൂരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല

ഗുവാഹത്തി: മണിപ്പൂരില്‍ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നു. മണിപ്പൂര്‍ സ്‌റ്റേറ്റ് പോപ്പുലേഷന്‍ കമ്മീഷന്‍ ഓര്‍ഡിനന്‍സിന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുപ്രകാരം നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ല. ഏതെങ്കിലും ദമ്പതികള്‍ക്ക് നാലില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംസ്ഥാനത്ത് ജനസംഖ്യാ കമ്മീഷന്‍ സ്ഥാപിക്കാനുള്ള പ്രമേയം സംസ്ഥാന നിയമസഭ നേരത്തെ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ബി. ജെ.പി എം.എല്‍.എ ഖുമുക്ചം ജോയ്കിസാനാണ് സംസ്ഥാനത്തേക്ക് പുറത്തുനിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം ആരോപിച്ച് പ്രമേയം അവതരിപ്പിച്ചത്. 1971- 2001 കാലഘട്ടത്തില്‍ മണിപ്പൂരിലെ മലയോര ജില്ലകളില്‍ 153.3% ജനസംഖ്യാ വളര്‍ച്ച 2001 മുതല്‍ 2011 വരെ 250% ആയി ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.

2011 ലെ സെന്‍സസ് പ്രകാരം മണിപ്പൂരില്‍ 28.56 ലക്ഷം ജനസംഖ്യയുണ്ട്. 2001 ല്‍ ഇത് 22.93 ലക്ഷമായിരുന്നു. ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച് അയല്‍രസംസ്ഥാനമായ അസമും നിയമം പാസാക്കിയിട്ടുണ്ട്.
2021 ജനുവരി 1നോ അതിനുശേഷമോ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിലക്കിക്കൊണ്ട് അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 

Test User: