എന്‍.എസ്.അബ്ബാസ്
കോട്ടയം
ഒരൊറ്റ ഡയലോഗ്‌കൊണ്ടു ജീവിതംമാറിയ കലാകാരനായിരുന്നു ഇന്നലെ രാവിലെ അന്തരിച്ച കോട്ടയം പ്രദീപ്. വര്‍ത്തമാനത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടി. ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ മാത്രം സിനിമയില്‍ സജീവമായ പ്രദീപ് പക്ഷേ അഭിനയം പാതിയില്‍ അവസാനിപ്പിച്ചു മറഞ്ഞു.
കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…. ഈ ഡയലോഗ് കേള്‍ക്കുന്ന മാത്രയില്‍ ഓര്‍മ വരിക കോട്ടയം പ്രദീപ് എന്ന നടന്റെ ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതും ഇത്തരം ചില ഡയലോഗുകളും തമാശകളുമാണ്.
എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രദീപ്, മലയാളികളെ ചിരിപ്പിച്ചത് ചെറുതായൊന്നുമല്ല. സിനിമയില്‍ പ്രദീപിനെക്കണ്ടാല്‍ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രേക്ഷകര്‍ക്കുറപ്പിക്കാം. മുഴുനീള കഥാപാത്രമല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഒറ്റ ഡയലോഗിലൂടെയായിരിക്കും തിയറ്ററുകളില്‍ ചിരി പടരുന്നത്.
2001 ല്‍ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയെങ്കിലും ശ്രദ്ധേിക്കപ്പെടാന്‍ പ്രദീപിനു വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 2010–ല്‍ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ഗൗതം മേനോന്‍ ചിത്രമാണ് കരിയറില്‍ നിര്‍ണായകമായത്. ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശയ്ക്കടുത്തിരുന്ന് ‘കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…. കഴിച്ചോ കഴിച്ചോ’ എന്നു പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. യാതൊരു പ്രതീക്ഷയുമില്ലാതെ ഈ ചിത്രത്തിന്റെ ഓഡീഷനു പോയതായിരുന്നു പ്രദീപ് അന്ന്. ഗൗതം മേനോനെ കാണുക എന്നതു മാത്രമായിരുന്നു ആഗ്രഹം. എന്നാല്‍ അവിചാരിതമായി സിനിമയില്‍ അവസരം കിട്ടി. പിന്നീട് ചിത്രത്തിലെ ഒറ്റ ഡയലോഗിലൂടെ പ്രശസ്തിയിലേയ്ക്ക്.
സംവിധായകന്‍ ആവശ്യപ്പെട്ട പ്രകാരം സാധാരണയില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞു പരീക്ഷിച്ചതായിരുന്നു ആ ശൈലി. തയ്യാറെടുപ്പുകള്‍ നടത്താതെ പെട്ടെന്നുണ്ടാക്കിയെടുത്ത ഒരു രീതി. അത് ‘ക്ലിക്’ ആയതോടെ പ്രദീപിന്റെ കലാജീവിതം മാറി മറിഞ്ഞു. ആ ഒറ്റ ഡയലോഗ് ആണ് തന്നെ രക്ഷപെടുത്തിയതെന്നു അഭിമുഖങ്ങളിലുള്‍പ്പെടെ പ്രദീപ് വ്യക്തമാക്കിയിട്ടുമുണ്ട്.
‘വിണ്ണൈ താണ്ടി വരുവായ’ തെലുങ്കിലേയ്ക്കും ഹിന്ദിയിലേയ്ക്കും മാറിയപ്പോഴും നായികാ–നായകന്മാര്‍ മാറി മാറി വന്നു. പക്ഷേ എല്ലായിടത്തും അതേ അമ്മാവന്‍ തന്നെ. ‘മരുമക്കള്‍ മാറിക്കോട്ടെ, അമ്മാവന്‍ മാറണ്ട’ എന്ന ഗൗതം മേനോന്റെ തീരുമാനമാണ് പ്രദീപിനെ അന്യഭാഷകളിലും ജനകീയനാക്കിയത്. ആ ഡയലോഗ് തന്നെ പല രൂപത്തില്‍ അദ്ദേഹം തന്നെ മറ്റു പല സിനിമകളിലും അവതരിപ്പിച്ചു.ഈശ്വരഭക്തനായിരുന്ന പ്രദീപ്, സിനിമാ ജീവിതവും കരിയറിലെ ഉയര്‍ച്ചയുമെല്ലാം ദൈവാനുഗ്രഹം കൊണ്ടു മാത്രമാണെന്നും വിശ്വസിച്ചുപോന്നു.