മലപ്പുറം: പള്ളികളില്‍ കോവിഡ് മാനദണ്ഡലങ്ങള്‍ പാലിച്ച് ജുമുഅ നടത്തുന്നതിന് കേസെടുക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി മുസ്്‌ലിം യൂത്ത്‌ലീഗിന് ഉറപ്പ് നല്‍കി. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രഖ്യാപിച്ച മാര്‍ച്ചുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ് മണ്ഡലം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്. വീടുകളില്‍ നിന്നും അംഗശുദ്ധി വരുത്തി, മുസല്ലയും മാസ്‌കും ധരിച്ച് കൃത്യമായി കോവിഡ് പാലിച്ച് സര്‍ക്കാര്‍ നിര്‍ദ്ധേശിച്ച പോലെ ജുമുഅ നടത്തുന്നതിന് ജില്ലയില്‍ എവിടെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യില്ല. പള്ളികളില്‍ കോവിഡ് മാനദണ്ഡലം പാലിക്കുന്നുണ്ടെന്ന് മഹല്ല് ഭാരവാഹികള്‍ ഉറപ്പ് വരുത്തണമെന്നും എസ്.പി പറഞ്ഞു.
തെന്നലയിലെ വിവിധ പള്ളികള്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് എടുത്ത കേസ് മരവിപ്പിക്കും. അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളും. ഇത് സംബന്ധിച്ച അപേക്ഷ കോടതിക്ക് സമര്‍പ്പിക്കും. പോലീസിന്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം പൊതു ജനത്തിനുണ്ടാവില്ലെന്നും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് പിഴ ഈടാക്കുന്നത് ഒഴിവാക്കുമെന്നും തെന്നലയില്‍ ചില കടക്കാരെ അനാവശ്യമായി പിഴ അടപ്പിച്ചെന്ന പരാതി പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. ഇതെല്ലാം സംബന്ധിച്ച നിര്‍ദ്ധേശം പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കുമെന്നും എസ്.പി അറിയിച്ചു.
തെന്നലയിലെ മഹല്ല് കമ്മിറ്റികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുക, പോലീസ് രാജ് അവസാനിപ്പിക്കുക, പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം അനുവദിക്കുക, മാന്യമായി പെരുമാറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത്‌ലീഗ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്.പി ഭാരവാഹികളെ ചര്‍ച്ചക്ക് വിളിക്കുകയും വിഷയം കെ.പി.എ മജീദ് എം.എല്‍.എയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ് യൂത്ത്‌ലീഗിന്റെ എല്ലാ ആവശ്യങ്ങളും എസ്.പി അംഗീകരിച്ചത്. മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, പി.കെ സല്‍മാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.