കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്കാന പൊലിസുകാരനും. ഒരു മാസത്തെ വേതനമായ 68,000 രൂപയാണ് ഹൈദരാബാദിലെ ചാര്‍മിനാര്‍ പൊലിസ് സ്‌റ്റേഷന്‍ കോണ്‍സ്റ്റബിള്‍ തുടി രാജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. സി.എം.ഡി.ആര്‍.എഫിലേക്കുള്ള ചെക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കൈമാറി. എസ്.എച്ച്.ഒയാണ് ചിത്രം തന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് വാര്‍ത്തകള്‍ വായിക്കുകയും വാട്ട്‌സാപ്പിലും മറ്റും ദൃശ്യങ്ങള്‍ കാണുകയും ചെയ്ത അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്ന് രാജു പറഞ്ഞു. ആ രാത്രി തന്നെയാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനായി നല്‍കാന്‍ താന്‍ തീരുമാനിച്ചത്.
കുഞ്ഞുനാളിലേ തന്നെ പിതാവ് നഷ്ടമായ താന്‍ ഏറെ കഷ്ടപ്പാടും ദാരിദ്ര്യവും സഹിച്ചാണ് ഇവിടെയെത്തിയതെന്നും പല ദിവസങ്ങളിലും ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തത് കാരണം പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശപ്പിന്റെ വില നന്നായി അറിയാവുന്നതിനാലാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചത്. തുക കൈമാറുന്ന ചിത്രം പൊലിസ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത് മുതല്‍ അഭിനന്ദനവുമായി നിരവധി ഫോണ്‍വിളികളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.