ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ടി.ആര്‍.എസിന് തെലങ്കാനയില്‍ ആദ്യ തിരിച്ചടി. ടി.ആര്‍.എസ് പിന്തുണയോടെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും തോറ്റു. ഇതില്‍ രണ്ട് പേര് സിറ്റിങ് എം.എല്‍.സിമാരാണ്. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍, ഒരിടത്ത് കോണ്‍ഗ്രസ്-സി.പി.ഐ പിന്തുണയോടെ മത്സരിച്ച അംഗവും വിജയിച്ചു. അധ്യാപക മണ്ഡലത്തിലും ഗ്രാജുവേറ്റ് മണ്ഡലത്തിലേക്കുമായി ഈ മാസം 22ന് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്നലെയാണ് പുറത്തു വന്നത്. എം.എല്‍.എമാരുടെ ക്വാട്ടയില്‍ നിന്നും തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഉപരിസഭയില്‍ സാന്നിധ്യം നഷ്ടമായ കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവിന് തെരഞ്ഞെടുപ്പ് ഫലം അവസരമൊരുക്കി. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി ജീവന്‍ റെഡ്ഢി കരീനഗര്‍-അദിലാബാദ്-നിസാമാബാദ്-മെദക് ഗ്രാജുവേറ്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗതിയാല്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ട ജീവന്‍ റെഡ്ഢിക്ക് എം.എല്‍.സി വിജയം ആശ്വാസമാവുകയും ചെയ്തു. ടി.ആര്‍.എസ് പിന്തുണയോടെ മത്സരിച്ച മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാമിണ്ടല ചന്ദ്രശേഖര ഗൗഡിനെ 39,430 വോട്ടുകള്‍ക്കാണ് ജീവന്‍ റെഡ്ഢി ഗ്രാജുവേറ്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചത്. കോണ്‍ഗ്രസ് പിന്തുണയുള്ള കെ രഘുത്തമന്‍ റെഡ്ഢി കരീം നഗര്‍-അദിലാബാദ്-നിസാമാബാദ്-മെദക് ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ടി.ആര്‍.എസിന്റെ ബി മോഹന്‍ റെഡ്ഢിയെ 1707 വോട്ടുകള്‍ക്കാണ് രഘുത്തമന്‍ റെഡ്ഢി തോല്‍പിച്ചത്. നിലവിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ടി.ആര്‍.എസിന്റെ ചീഫ് വിപ്പായിരുന്ന പാട്ടൂരി സുധാകര്‍ റെഡ്ഢി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നല്‍ഗോണ്ട-ഖമ്മം-വാറംഗല്‍ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്നും ടി.ആര്‍.എസിന്റെ സിറ്റിങ് എം.എല്‍.സിയായിരുന്ന പുല രവീന്ദര്‍ കോണ്‍ഗ്രസ്-സി.പി.ഐ പിന്തുണയോടെ മത്സരിച്ച യുണൈറ്റഡ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അംഗം നര്‍സി റെഡ്ഢിയോട് തോറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് ടി.ആര്‍.എസ് കൃത്രിമമായാണ് ജയിച്ചതെന്നതിന്റെ കൃത്യമായ തെളിവാണ് എം.എല്‍.സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് വക്താവ് ദസോയു സ്രാവണ്‍ പറഞ്ഞു.