തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
തങ്ങളുമായി തനിക്ക് ദീര്‍ഘവര്‍ഷത്തെ ആത്മബന്ധമാണുള്ളത്. മതേതരമുഖമായിരുന്നു തങ്ങളുടേത്. നിരാലംബരോട് തങ്ങള്‍ കാണിച്ച കാരുണ്യവും സ്നേഹവും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സവിശേഷത തുറന്ന് കാട്ടുന്നതാണ്. കഷ്ടതകളും ദുരിതങ്ങളുമായി പാണക്കാട് തറവാട്ടിലെത്തുന്ന നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതില്‍ അദ്ദേഹം കാട്ടിയ താല്‍പ്പര്യം എടുത്തുപറയേണ്ടതാണ്.മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തിന് ഒരു പോറല്‍പോലും ഏല്‍ക്കാതിരുന്നതില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടുന്ന പാണക്കാട് തറവാടിന്റെ പങ്ക് വളരെ വലുതാണ്.
സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ തങ്ങള്‍ നാട്യങ്ങളില്ലാതെ ജനകള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച നേതാവാണ്. വര്‍ഗീയ ശക്തികളെ എന്നും അദ്ദേഹം അകറ്റി നിര്‍ത്തി.സത്യസന്ധത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു.കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സമുദായാചാര്യന്‍ എങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരവ് നേടി. യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം യുഡിഎഫിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. തങ്ങളോടുള്ള ആദരസൂചകമായി കെപിസിസി മാര്‍ച്ച് 7ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായും സുധാകരന്‍ പറഞ്ഞു.
കാരുണ്യദീപം പൊലിഞ്ഞു- പി.ശ്രീരാമകൃഷ്ണന്‍
കരുണയുടേയും സൗമത്യയുടെയും പ്രതീകമായിരുന്ന, രാഷ്്ട്രീയത്തിലെ അപൂര്‍വം പ്രതിഭാശാലികളിലൊരാളായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ നഷ്ടമാണ്. നാട്ടുകാരെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹവുമായി അടുത്തബന്ധം പുലര്‍ത്താന്‍ പലപ്പൊഴും അവസരം ലഭിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ലോകകേരളസഭയുടെ നടത്തിപ്പില്‍ കെ.എം.സി.സിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത്. പിതൃതുല്യമായ സ്നേഹവാത്സല്യങ്ങളോടെ അദ്ദേഹം എന്നെ സ്വീകരിച്ചത് എന്നും ഓര്‍ക്കും. ലോകകേരളസഭയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു തന്നാണ് അന്ന് അദ്ദേഹം യാത്രയാക്കിയത്.
അദ്ദേഹത്തിന്റെ വേര്‍പാട് മുസ്ലിം ലീഗിന് മാത്രമല്ല, കേരളത്തിന്റെ പൊതുരംഗത്തുള്ള എല്ലാവരുടെയും നഷ്ടമാണ്. രാഷ്ട്രീയത്തില്‍ ആത്മീയതയുടെ ശക്തി പക്വതയോടെ സന്നിവേശിപ്പിച്ച ആളാണ് അദ്ദേഹം. ആത്മീയതയെ രാഷ്ട്രീയരംഗത്ത് നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കാലത്ത് തന്റെ ആത്മീയ വിദ്യാഭ്യാസവും ആത്മീയതയിലൂന്നിയ ജീവിത ശൈലിയും നാടിന്റെ നന്മക്കും സൗഹാര്‍ദ്ദത്തിനും വേണ്ടി ചെലവഴിക്കാന്‍ അദ്ദേഹത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. വേര്‍പാടില്‍ ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തുന്നു.