മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി പത്ത് പവനും 11 ലക്ഷം രൂപയും കവർന്ന പ്രതി പൊലീസ്
പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയൽവാസിയുമായ പത്തൂർ ആദിൽ (25) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം പുറത്ത് പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പൊലീസിൽ പരാതി
നൽകുകയായിരുന്നു.
പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്.
വീട്ടിൽ കളവ് നടന്നതായുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീട്ടിൽ സ്ഥിരമായി വരാൻ സാധതയുള്ളവരോ ആയിരിക്കാം കളവ് നടത്തിയതെന്ന പോലീസിന്റെ നിഗമനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. വീട്ടിലെ പറമ്പിൽനിന്നും കുഴിച്ചിട്ടിരുന്ന സ്വർണ്ണമാലയും വീടിനകത്ത് ബാഗിൽ വെച്ച പാദസരവും ഇയാൾ എടുത്ത് നൽകി.
മോഷ്ടിച്ച 11,70,000 രൂപ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. അതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.