രാത്രിയില്‍ ആള്‍താമസമില്ലാത്ത വീടുകളില്‍ നിന്ന് 92 പവന്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവ്വാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫല്‍(37), സഹായി പട്ടാമ്പി സ്വദേശി പൂവത്തിങ്ങല്‍ ബഷീര്‍(43)എന്നിവരാണ് പിടിയിലായത്.അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലും മുതുകുര്‍ശ്ശി എളാടും രാത്രിയില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് 92 പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയ കേസിലാണ് പ്രതികള്‍ പിടിയിലായത്.
ജൂണ്‍ 11 നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ പുതുപറമ്പില്‍ സിബിജോസഫിന്റെ വീട്ടില്‍ വീട്ടുകാര്‍ പുറത്ത് പോയസമയത്ത് രാത്രിയില്‍ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 72 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണം പോയതായി പരാതി ലഭിക്കുന്നത്. മെയ് 28 ന് മുതുകുര്‍ശ്ശി എളാട് കുന്നത്ത് പറമ്പന്‍ വാസുദേവന്റെ വീട്ടിലും സമാനരീതിയില്‍ മോഷണം നടത്തി 20 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. തുടര്‍ന്ന് പൊലീസ് അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, എന്നിവിടങ്ങളില്‍ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയെകുറിച്ച് സൂചന ലഭിച്ചിരുന്നു. പക്ഷേ നാടുമായോ വീടുമായോ ഒരു തരത്തിലും ബന്ധപ്പെടാത്ത പ്രതിയെകുറിച്ച് അന്വേഷണം നടത്തിയതില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്‍ മുമ്പ് ഡ്രൈവറായി ജോലിചെയ്തിരുന്ന പ്രതിക്ക് ഹിന്ദി, ബംഗ്‌ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെസ്റ്റ് ബംഗാളില്‍ നിന്ന് ട്രയിന്‍ മാര്‍ഗം കേരളത്തിലെത്തി ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത് മനസിലാക്കിയത്. തുടര്‍ന്ന് അന്വേഷണസംഘം സംഘങ്ങളായി തിരിഞ്ഞ് ഒരുമാസത്തോളം ഉത്തരേന്ത്യന്‍ ട്രയിനുകളില്‍ മഫ്തിയില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. പ്രതി കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പട്ടാമ്പി ടൗണില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നെന് പൊലീസ് പറഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തതില്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആള്‍ത്താമസമില്ലാത്ത ഇരുപത്തഞ്ചോളം വീടുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാനായതായും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡി.വൈ. എസ്.പി എം.സന്തോഷ്‌കുമാര്‍ അറിയിച്ചു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി. വൈ. എസ.്പി എം സന്തോഷ്‌കുമാര്‍, സി.ഐ പ്രേംജിത്ത്, എസ്.ഐ ഷിജോ സി തങ്കച്ചന്‍, എസ്.സി.പി ഒ മാരായ ഷിജു.പി.എസ്, സല്‍മാന്‍, ഷാലു, ജയന്‍, സോവിഷ്, നിഖില്‍, ഉല്ലാസ് കെ.എസ്, മിഥുന്‍,ഷജീര്‍, സിന്ധു, വൈശാഖ് എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.