സ്ത്രീവേഷം ധരിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

സ്ത്രീവേഷം കെട്ടി കടയില്‍ കയറി മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞ കടയുടമയെ മോഷ്ടാവ് ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. കുന്നത്തങ്ങാടി സെന്ററിന് പടിഞ്ഞാറുള്ള പ്രഭ ലേഡീസ് ഫാഷന്‍ ആന്‍ഡ് ഇന്നേഴ്‌സ് കടയുടമ പരക്കാട് കുറുകുടിയില്‍ രാമചന്ദ്രന്റെ ഭാര്യ രമക്കാണ്(52) പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക്് രണ്ട് മണിക്കായിരുന്നു ആക്രമണം. സ്ത്രീകളുടേതിന് സമാനമായ വേഷവും മുഖാവരണവും ധരിച്ച് കടയില്‍ കയറിയ മോഷ്ടാവ് തക്കം നോക്കി സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച രമയെ പ്രതി കൈവശം കരുതിയിരുന്ന ഇരുമ്പുപൈപ്പുകൊണ്ട് തലക്കടിച്ച് മാരക പരിക്കേല്‍പിച്ചു. ശബ്ദം കേട്ട്് ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. ആക്രമണം നടത്തിയ വെളുത്തൂര്‍ പാലൊഴി ധനേഷിനെ(39) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

webdesk13:
whatsapp
line