ന്യൂഡല്‍ഹി: പുതുവത്സര രാവില്‍ രാജ്യതലസ്ഥാനത്തിനു ഞെട്ടലായി യുവതിയുടെ നഗ്‌ന മൃതദേഹം. യുവതിയെ ഇടിച്ച കാര്‍ 12 കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നു യുവതിയെ വലിച്ചിഴച്ച് കാര്‍ മുന്നോട്ടു സഞ്ചരിച്ചു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന 5 പേരെയും പിന്നീട് പിടികൂടി. സ്‌കൂട്ടറില്‍ ഇടിച്ചെന്നു മനസ്സിലായിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു എന്നാണു സൂചന. അപകടത്തെപ്പറ്റി അറിഞ്ഞില്ലെന്നാണു പ്രതികള്‍ ചോദ്യം ചെയ്യലില്‍ ആദ്യം പൊലീസിനോടു പറഞ്ഞത്. അപകടമുണ്ടായെന്നും എന്നാല്‍ യുവതിയെ വലിച്ചിഴച്ചില്ലെന്നും പിന്നീടു മൊഴി നല്‍കി.യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണു പ്രതികള്‍ ശ്രമിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. യുവതിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ.സിങ് വ്യക്തമാക്കി.