റെയില്‍വേ ഗേറ്റിന് സമീപത്ത് ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ യുവാവ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു. സംഭവത്തില്‍ രാഹുല്‍ രാജു, സെബിന്‍ എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി. അതിരമ്പുഴ സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്.
മാര്‍ച്ച് 17ന് കാണക്കാരി റെയില്‍വേ ഗേറ്റിന് സമീപത്താണ് സംഭവം നടന്നത്. ഇതുവഴി കാറിലെത്തിയ യുവാവ് റെയില്‍വേ ഗേറ്റിന് സമീപത്ത് തിരക്ക് കണ്ട് ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോഴാണ് പ്രതികള്‍ ആക്രമിച്ചത്. കാറിനകത്തിരുന്ന യുവാവിന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.
പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.