ലഹരിക്ക് അടിമയായ യുവാവ് സഹോദരിയുടെ മുഖം കുത്തിക്കീറി പരിക്കേല്‍പ്പിച്ചു

ചങ്ങനാശ്ശേരി: ലഹരിക്ക് അടിമയായ യുവാവ് സഹോദരിയെ കുത്തി പരിക്കേല്‍പ്പിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവധിയുടെ നെറ്റിയുടെ ഒരു ഭാഗം മുതല്‍ ചെവി വരെ ആറിഞ്ച് നീളത്തില്‍ കുത്തിക്കീറുകയായിരുന്നു. സംഭവത്തില്‍ മാടപ്പള്ളി മാമ്മൂട് വെളിയം ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ ലിജോ സേവ്യറിനെ (27)പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് 10 ദിവസത്തെ അവധിക്കെത്തിയ നഴ്‌സായ യുവതിയാണ് ആക്രമണത്തിനിരയായത്.

മാസങ്ങള്‍ക്ക് മുമ്പ് 22ഗാം എം.ഡി.എം.എയുമായി പിടിയിലായ കേസില്‍ ഇയാള്‍ ആറുമാസം റിമാന്‍ഡില്‍ ആയിരുന്നു. രണ്ടു മാസം മുമ്പാണ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത്. ചൊവ്വാഴ്ച രാത്രി ബാറില്‍നിന്ന് മദ്യപിച്ച് അര്‍ദ്ധരാത്രിയോടെ എത്തിയ യുവാവ് കൂടെയുണ്ടായിരുന്ന വാഴപ്പള്ളി സ്വദേശിനിയെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് എതിര്‍ത്ത സഹോദരിയുമായി സംഘര്‍ഷത്തിലാവുകയും കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണശേഷം രക്ഷപ്പെട്ട പ്രതിയെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍നിന്നാണ് പിടികൂടിയത്. സഹോദരിയാണ് ഇയാളെ ലഹരിക്കേസിലും നേരത്തേയുണ്ടായിരുന്ന പോക്‌സോ കേസിലും ജാമ്യത്തിലിറക്കിയത്. ലഹരി ഉപയോഗിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണെന്നും മുമ്പ് മാതാപിതാക്കളെയും പ്രതി ആക്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഹരിക്കടത്ത് കേസുകള്‍ നിലവിലുണ്ട്. തൃക്കൊടിത്താനം, മാമ്മൂട് ഭാഗങ്ങളിലുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും എസ്.എച്ച്.ഒ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

webdesk18:
whatsapp
line