X

മഞ്ഞപ്പടക്ക് നാളെ സെമി ഫൈനല്‍ രണ്ടാം പാദം

മഡ്ഗാവ്:രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഫൈനലിന് ഗ്യാലറി ഗേറ്റുകള്‍ തുറക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാനേജ്‌മെന്റ് തീരുമാനിച്ചതിന്റെ ആവേശത്തിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. കാണികളുടെ ആരവങ്ങളില്‍ ഫൈനല്‍ കളിക്കണം. കപ്പടിക്കണം. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മഞ്ഞപ്പടക്ക് ഒരു കടമ്പ കൂടി കടക്കാനുണ്ട്. നാളെ സെമി ഫൈനല്‍ രണ്ടാം പാദം. ഈ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി. ഫൈനല്‍ കളിക്കാം. കഴിഞ്ഞ ദിവസമാണ് ഐ.എസ്.എല്‍ ഫൈനലിന് മുഴുവന്‍ കാണികളെയും സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയത്. അവസാന സീസണില്‍ കോവിഡ് കാരണം അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍ ഉള്‍പ്പെടെ എല്ലാ മല്‍സരങ്ങളും. ഇത്തവണയും അതിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ രാജ്യത്ത് കോവിഡ് സാഹചര്യം മാറിയ പശ്ചാത്തലത്തിലാണ് ഗോവന്‍ സര്‍ക്കാരിന്റെ പിന്തുണയില്‍ ഗേറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മോഹന്‍ ബഗാന്റെ ഗോവന്‍ താരങ്ങളായ ലിസ്റ്റണ്‍ കോളോസോയും ഇഷാന്ത് പണ്ഡിതയും രംഗത്ത് വന്നു. രണ്ട് വര്‍ഷമായി കാണികളുടെ കൈയ്യടി ഇല്ലാതെയാണ് കളിക്കുന്നത്. അവരുടെ സാന്നിദ്ധ്യത്തില്‍ കളിക്കാനാണ് വലിയ മോഹമെന്നും ഇരുവരും പറയുമ്പോള്‍ സെമി രണ്ടാം പാദത്തില്‍ ബഗാന്‍ വലിയ പോരാട്ടം തന്നെ കാഴ്ച്ച വെക്കേണ്ടി വരും. ആദ്യ പാദത്തില്‍ ഹൈദരാബാദ് എഫ്.സി 3-1 ന് മുന്നിലാണ്. കേരളാ ടീം ഇന്നലെ സജീവ പരിശീലനത്തിലായിരുന്നു. ഒരു ഗോള്‍ ലീഡാണ് ജംഷഡ്പ്പൂരിനെതിരെ നേടാനായത്. ഇത് ഭദ്രമല്ല എന്ന കാര്യം കോച്ച് വുകുമനോവിച്ചിന് നന്നായി അറിയാം. രണ്ടാം പാദത്തില്‍ സര്‍വ ശക്തിയുമുപയോഗിച്ച് അവര്‍ കളിക്കും. ആ മല്‍സരത്തില്‍ സമ്മര്‍ദ്ദം പാടില്ല-കോച്ച് വ്യക്തമാക്കി. സഹല്‍ അബ്ദുള്‍ സമദ് നേടിയ സൂപ്പര്‍ ഗോളിനായിരുന്നു ആദ്യ പാദം ബ്ലാസ്‌റ്റേഴ്‌സ് വിജയകരമായി പിന്നിട്ടത്. ആ ദിവസം അല്‍വാരോ വാസ്‌ക്കസ് അദ്ദേഹത്തിന്റെ പതിവ് ഫോമിലേക്ക് വന്നിരുന്നില്ല. രണ്ടാം പകുതിയില്‍ വുകുമനോവിച്ച് പിന്‍വലിക്കുകയും ചെയ്തു. നാളെ വാസ്‌ക്കസും ലൂനയും പെരേരയും സഹലുമെല്ലാം മിന്നിയാല്‍ ഭയപ്പെടാനില്ല.

Test User: