മഡ്ഗാവ്: ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ട് ജീവന്മരണ പോരാട്ടങ്ങള്‍. അഥവാ സെമി ഫൈനലുകള്‍. 7-30 ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടുമ്പോള്‍ മഞ്ഞപ്പടക്ക് വിജയവും മൂന്ന് പോയിന്റും നിര്‍ബന്ധമാണ്. രാത്രി 9-30 ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി ഗോവയുമായി കളിക്കുന്നു. ഈ പോരാട്ടത്തില്‍ ചാമ്പ്യന്മാര്‍ക്കും മൂന്ന് പോയിന്റ് നിര്‍ബന്ധം. ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഇത് വരെ ഉറപ്പിച്ചവര്‍ ഹൈദരാബാദ് എഫ്.സി മാത്രമാണ്. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ക്കായി ജംഷഡ്പ്പൂര്‍, ഏ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ്.സി എന്നിവരാണ് മല്‍സരിക്കുന്നത്. ഇതില്‍ കൂടുതല്‍ സാധ്യത ജംഷഡ്പ്പൂരിനാണ്. 16 മല്‍സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. നാല് മല്‍സരങ്ങള്‍ അവശേഷിക്കുന്നതാണ് സ്റ്റീല്‍ സിറ്റിക്കാരുടെ പ്രതീക്ഷ. മൂന്നാം സ്ഥാനത്ത് 31 ല്‍ നില്‍ക്കുന്ന ബഗാന് അവസാന മല്‍സരത്തിലെ സമനില ആഘാതമായി. അവര്‍ക്ക് മൂന്ന് മല്‍സരങ്ങളാണ് ബാക്കി. നാലാമത് നില്‍ക്കുന്ന മുംബൈയും 17 മല്‍സരങ്ങളാണ് കളിച്ചിരിക്കുന്നത്. 28 പോയിന്റാണ് സമ്പാദ്യം. ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ അഞ്ചാമതാണ്. 27 പോയിന്റാണ് സമ്പാദ്യം. അവശേഷിക്കുന്നത് മൂന്ന് മല്‍സരങ്ങളാണ്. മൂന്നും ജയിച്ചാല്‍ മാത്രമാണ് സെമി ടിക്കറ്റ് കിട്ടുക. 18 മല്‍സരങ്ങളാണ് ബെംഗളൂരു കളിച്ചത്. 26 ലാണവര്‍ നില്‍ക്കുന്നത്. 19 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡീഷ, ചെന്നൈയിന്‍, ഗോവ തുടങ്ങിയവര്‍ക്കൊന്നും സാധ്യതയില്ല.
അവസാന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ മനോഹരമായി കളിച്ചിട്ടും നിര്‍ഭാഗ്യമാണ് മഞ്ഞപ്പടക്ക് വിനയായത്. അല്‍വാരോ വാസ്‌ക്കസ് എന്ന സൂപ്പര്‍ താരം സുന്ദരമായ ആക്രമണ ഫുട്‌ബോളുമായി രണ്ടാം പകുതിയില്‍ കളം നിറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ദിവസമായിരുന്നില്ല അത്. നിരവധി തവണ ഷോട്ടുകള്‍ പിഴച്ചു. കോച്ച് ഇവാന്‍ വുകുമനോവിച്ച് പറയുന്നതും ഇത് തന്നെ. ഞങ്ങള്‍ നന്നായി ആ മല്‍സരം കളിച്ചു. പക്ഷേ നിര്‍ഭാഗ്യമാണ് വെല്ലുവിളി. കളിയില്‍ മികവിനൊപ്പം ഭാഗ്യവും വേണമല്ലോ- ഇതായിരുന്നു ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിച്ച കോച്ചിന്റെ വാക്കുകള്‍. ഹൈദരാബാദിനെതിരെ സസ്‌പെന്‍ഷന്‍ കാരണം കളിക്കാന്‍ കഴിയാതിരുന്ന ജോര്‍ജ് പെരേര ഡയസ് ഇന്ന് കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തനിക്ക് മുന്നില്‍ ഇല്ല എന്നാണ് കോച്ചിന്റെ മറുപടി. ഒരു മല്‍സരത്തിലാണ് വിലക്ക്. പക്ഷേ ഇക്കാര്യത്തില്‍ സംഘാടകരുടെ തീരുമാനം കാക്കുകയാണ് കോച്ച്. പെരേര കളിക്കാതിരുന്നതാണ് ഹൈദരാബാദിനെതിരെ ബ്ലാസ്‌റ്റേഴിസന് ആഘാതമായത്. വാസ്‌ക്കസില്‍ തന്നെയാണ് ഇന്നും പ്രതീക്ഷ. അപാര മികവിലാണ് അദ്ദേഹം കളിക്കുന്നത്. കളം നിറഞ്ഞ് കളിച്ചിട്ടും അവസാന മല്‍സരത്തില്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശ അദ്ദേഹത്തില്‍ പ്രകടമാണ്. അഡ്രിയാന്‍ ലൂനയും ഇന്ന് അവസരത്തിനൊത്തുയരണം. ഹൈദരാബാദിനെതിരെ ലുന നിറം മങ്ങിയതും ടീമിനെ കാര്യമായി ബാധിച്ചിരുന്നു. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ബര്‍ത്തലോമിയോ ഓഗ്ബജേയുടെ ഗോളിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ സില്‍വേരയും ഹൈദരാബാദിനായി സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ബരാറ്റോ നേടിയ ഗോളായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറുപടി. പക്ഷേ ഇന്നത്തെ പ്രതിയോഗികള്‍ താരതമ്യേന ദുര്‍ബലരാണ് എന്നത് ആശ്വാസമാണ്. സെമി സാധ്യത തെല്ലുമില്ലാത്ത അനിരുദ്ധ് ഥാപ്പയുടെ ചെന്നൈ. സീസണിന്റെ തുടക്കത്തില്‍ നന്നായി കളിച്ചിരുന്നു ചെന്നൈ. പക്ഷേ പിന്നിട് നിരാശപ്പെടുത്തി. അവസാന ആറ് മല്‍സരങ്ങളിലും ടീമിന് ജയിക്കാനായിരുന്നില്ല. നാല് കളികളില്‍ തോറ്റപ്പോള്‍ രണ്ട് മല്‍സരങ്ങളില്‍ സമനിലയിലായിരുന്നു.