X

ഉന്നം തെറ്റുന്ന ലോകം- ഷംസീര്‍ കേളോത്ത്‌

ഷംസീര്‍ കേളോത്ത്‌

അനിതരസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്ന്‌പോവുന്നത്. തൊണ്ണൂറുകള്‍ക്ക് ശേഷം നിലവില്‍ വന്ന അമേരിക്കന്‍ കേന്ദ്രീകൃത ലോകക്രമത്തെ യുക്രെയ്ന്‍ അധിനിവേശത്തിലൂടെ സായുധമായി റഷ്യ വെല്ലുവിളിച്ചിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയന്റെ പിന്‍ഗാമിയാണ് റഷ്യ. ആയുധശേഷിയിലും സൈനിക ബലത്തിലുമൊക്കെ അമേരിക്കയോളം തന്നെ പോന്ന എതിരാളിയാണന്ന് ലോകം മനസ്സിലാക്കിയ യു.എസ്.എസ്.ആറിന്റെ ആണവായുധങ്ങളടക്കം സോവിയറ്റ് തകര്‍ച്ചക്ക്‌ശേഷം കൈമാറികിട്ടിയത് അവര്‍ക്കാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റത്തെ സൈന്യത്തെ അയച്ച് സഹായിക്കാന്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ന്യായമായും ഭയം കാണും. ചെറുരാജ്യങ്ങള്‍ വല്ലതുമായിരുന്നേല്‍ ഇതിനകം തന്നെ നാറ്റോ സഖ്യസേന ആയുധമുഷ്‌ക്ക് പല തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവുമായിരുന്നു. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ബാഗ്ദാദ് പട്ടണത്തിന്‌മേല്‍ അമേരിക്ക നടത്തിയ സമാനതകളില്ലാത്ത ക്രൂരതയെ ലൈവ് ടെലികാസ്റ്റ് നല്‍കി ആഘോഷിച്ചത് ലോകം കണ്ടതാണ്. നേരിട്ടിടപെടാന്‍ തയ്യാറാവാത്ത പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും പ്രതിരോധത്തിന് യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കിയും സഹായിച്ചുപോരുന്നു. നാറ്റോ സഖ്യരാജ്യമായ പോളണ്ട് വഴി ആയുധങ്ങള്‍ എത്തിച്ചുനല്‍കിയാണ് പ്രധാനമായും നാറ്റോ യുദ്ധത്തില്‍ ഇടപെടുന്നത്. പോളണ്ട് അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ പശ്ചിമ യുക്രെയ്‌നിലെ ലിവീവ് എന്ന പ്രദേശത്തെ സൈനിക താവളം റഷ്യ കഴിഞ്ഞ ഞായറാഴ്ച അക്രമിക്കുകയുണ്ടായി. യുക്രെയ്‌ന് ആയുധങ്ങളെത്തിക്കാന്‍ അമേരിക്കയും ജര്‍മ്മനിയുമൊക്കെ ആശ്രയിക്കുന്ന പ്രധാന സൈനിക താവളം ലക്ഷ്യമിടുകവഴി യുദ്ധം വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്ന സൂചനയാണ് പുടിന്‍ നല്‍കുന്നത്. നാറ്റോ കൂടി യുദ്ധത്തിലിറങ്ങിയാല്‍ മറ്റൊരു ലോകയുദ്ധത്തിന് മാനവകുലം സാക്ഷിയായേക്കുമെന്ന് ലോകമെമ്പാടുമുള്ള സമാധാനപ്രിയരായ ജനങ്ങള്‍ ഭയപ്പെടുന്നു. യുക്രെയ്ന്‍ ജനത നേരിടുന്ന ക്ലേശകരമായ സാഹചര്യങ്ങളോട് ലോകമെമ്പാടുമുള്ള മനുഷ്യര്‍ വേദനയോടെ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. സോവിയറ്റ് തകര്‍ച്ചയെതുടര്‍ന്ന് പ്രത്യയശാസ്ത്ര വൈവിധ്യത്തിന്റെ ചരിത്രം അവസാനിച്ചെന്നും ഇനിയങ്ങോട്ട് ലിബറലിസമാണ് ലോകം ഭരിക്കുകകയെന്നും സിദ്ധാന്തിച്ച ഫ്രാന്‍സിസ് ഫുക്കിയാമ ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് ഫിനാന്‍ഷ്യല്‍ ടൈംസിലെഴുതിയ ലേഖനത്തില്‍ തന്റെ പല പഴയ വാദങ്ങളില്‍നിന്നും പിറകോട്ട് പോവുകയും ചെയ്തിരിക്കുന്നു.

പാക്കിസ്താനിലേക്കൊരു മിസൈല്‍

ലോകം റഷ്യ-യുക്രെയ്ന്‍ യുദ്ധമെന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ദക്ഷിണേഷ്യയില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്ത്‌വന്നത്. ഇന്ത്യയുടെ മിസൈല്‍ രാജ്യാന്തര അതിര്‍ത്തി ഭേദിച്ച് 124 കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിച്ച് പാക്കിസ്താനില്‍ പതിച്ചിരിക്കുന്നു. പാക് പഞ്ചാബിലെ ഒരു ഗ്രാമത്തിലാണ് ശബ്ദവേഗതയിലെത്തിയ പറക്കുന്ന വസ്തു (FL-YING OBJECT) വന്നുവീണത്. പോര്‍മുനഘടിപ്പിക്കാത്തതിനാല്‍ സ്‌ഫോടനമുണ്ടായില്ല. വീഴ്ചയെ തുടര്‍ന്നുണ്ടായ ചില നാശനഷ്ടങ്ങളൊഴികെ ആള്‍നഷ്ടമോ പരിക്കോ ഉണ്ടായതുമില്ല. സാങ്കേതിക തകരാറ് കാരണമാണ് ഇത് സംഭവിച്ചതെന്നും ആളപായമില്ലാത്തതില്‍ ആശ്വസിക്കുന്നതായും ഇന്ത്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ ഇന്ത്യ ഖേദവും പ്രകടിപ്പിച്ചു. പാക്കിസ്താന്‍ സംഭവത്തെ കനത്ത ഭാഷയില്‍ അപലപിച്ചു. അന്വേഷണം ആവശ്യപ്പെടുകയും ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. പക്ഷേ, കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചില്ല. ഹരിയാനയിലെ സിര്‍സയില്‍ നിന്നാണ് മിസൈല്‍ തൊടുത്തതെന്നാണ് പാക്കിസ്താന്റെ വാദം. സ്ഥിരീകരണം നല്‍കുക മാത്രമാണ് ഇന്ത്യ ചെയ്തത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ആധുനിക ലോകചരിത്രത്തില്‍ കേട്ട്‌കേള്‍വിയില്ലാത്ത സംഭവമാണ് നടന്നത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസാണ് ലക്ഷ്യം തെറ്റി പറന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മിസൈല്‍ സാങ്കേതിക വിദ്യയാണ് ബ്രഹ്മോസ്. പരസ്പരം പതിറ്റാണ്ടുകളായി പോരടിക്കുന്ന രണ്ട് ആണവ രാജ്യങ്ങള്‍ക്കിടയില്‍ അബന്ധത്തില്‍ ഒരു മിസൈല്‍ എതിര്‍ രാഷ്ട്രത്തെ ലക്ഷ്യം വച്ചു നീങ്ങിയെന്നത് വലിയ അന്തര്‍ദേശീയ മാനങ്ങളുള്ള സംഭവവികാസമാണ്. പാശ്ചാത്യ റഷ്യന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ യുക്രെയ്‌നെ ചൊല്ലി വലിയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത സൈനിക ശക്തിയെന്ന (responsible military power) എന്ന സ്ഥാനം ലോകരാജ്യങ്ങള്‍ ചോദ്യം ചെയ്യാനിടയായാലുണ്ടാവുന്ന നഷ്ടം ചെറുതല്ല. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് പാകിസ്താനിലേക്ക് ഉന്നം തെറ്റിപ്പറന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങള്‍ സര്‍ക്കാറിതര സായുധ സംഘങ്ങളുടെ കൈവശമെത്താനുള്ള സാധ്യതകളെ പറ്റി ഇന്ത്യ പലപ്പോഴും ഉത്കണ്ഠയും ആശങ്കയുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും അവരുടെ അത്യാധുനിക ആയുധങ്ങള്‍ പാകിസ്താന് കൈമാറുന്നതില്‍ നിന്ന് പിന്തിരിയാന്‍ ഇത് ഇടയാക്കിയിട്ടുമുണ്ട്. എന്നാല്‍ അബദ്ധത്തില്‍ തങ്ങളുടെ മിസൈല്‍ പാകിസ്താനില്‍ വീണു എന്ന് ഇന്ത്യ ഔദ്യോഗികമായി സമ്മതിക്കുക വഴി രാജ്യത്തിന്റെ പ്രതിരോധ കാര്യക്ഷമതയെ അന്താരാഷ്ട്ര സമൂഹം വിലകുറച്ച് കാണുന്നതിലേക്ക് നയിച്ചേക്കാം. രാജ്യത്തിന്റെ തന്ത്രപരമായ കണക്കുകൂട്ടലുകളെ ഈ ഭീമന്‍ അബദ്ധം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. യുദ്ധവേളകളില്‍ ശത്രുവിനെ അമ്പരപ്പിക്കാനുതകുന്ന ആയുധമായാണ് ബ്രഹ്മോസ്. ശത്രുവിന് ആയുധത്തിന്റെ പ്രഹരശേഷിയെ പറ്റി മുന്‍കൂട്ടി സാങ്കതിക പരിജ്ഞാനം ലഭിക്കാനിടയായത് വലിയ നഷ്ടമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ മിസൈല്‍ വിക്ഷേപം കരുതിക്കൂട്ടിയുള്ള തന്ത്രപ്രധാനമായ ‘അബദ്ധമായും’ വിലയിരുത്തപ്പെടുന്നുണ്ട്. പാകിസ്താന്റെ മിസൈല്‍ വരുദ്ധ സാങ്കേതിക വിദ്യയുടെ ഫലപ്രാപ്തി അറിയാനുള്ള ശ്രമമായിരിക്കാം ഇതെന്നാണ് അവരുടെ വാദം.

ഭരണഘടനയെ തിരുത്തുന്ന കോടതികള്‍

കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം രണ്ട് ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. 1) വ്യത്യസ്തതകളെ നിഷ്‌കാസനം ചെയ്യാനുള്ള ഫാസിസ്റ്റ് യുക്തിയോട് സമൂഹം എങ്ങനെ പ്രതികരിക്കും 2) സംഘ്പരിവാറിന്റെ ഭരണഘടനാവിരുദ്ധ അജണ്ടകളെ ഭരണഘടനാസ്ഥാപനമായ കോടതികള്‍ എങ്ങനെ നേരിടും. ഈ രണ്ട് സുപ്രധാന ചോദ്യങ്ങളില്‍ ഏറെ നിരാശപ്പെടുത്തുന്ന ഉത്തരം ലഭിച്ചിരിക്കുന്നത് രണ്ടാമത്തെ ചോദ്യത്തിനാണ്. വൈവിധ്യങ്ങളേറെയുള്ള വസ്ത്രധാരണ രീതി നിലനില്‍ക്കുന്ന രാജ്യത്ത് ഒരു മതത്തിന് മാത്രം അവരുടെ വസ്ത്രധാരണരീതി പിന്തുടരുന്നതില്‍ സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തുന്നതിനോട് പൊതുസമൂഹം അനുകൂലമായല്ല പ്രതികരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌നേരെയുള്ള അതിക്രമമായും തിരുത്തപ്പെടേണ്ട ക്രൂരതയായും സമൂഹം അതിനെ വിലയിരുത്തി. മുസ്‌ലിം വിദ്യാര്‍ഥിനി മുസ്‌കാന്റെ ധീരതയും ഏറെ പ്രശംസിക്കപ്പെട്ടു. തങ്ങളുടെ കേഡര്‍മാരെ ഇറക്കി കാവിഷാളും ഹിജാബും തമ്മിലാണ് പ്രശ്‌നമെന്ന മിഥ്യാദ്വന്ദങ്ങളെ സൃഷ്ടിക്കാനും അതുവഴി രണ്ടും പ്രശ്‌നമാണെന്ന പൊതുധാരണ വളര്‍ത്തിയെടുക്കാനുമൊക്കെ ശ്രമങ്ങളുമുണ്ടായി.

എന്നാല്‍ ജനാധിപത്യ മതേതര രാജ്യത്തെ നിഷ്പക്ഷ നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷ വെച്ച പൗരര്‍ കോടതിയെ സമീപിച്ചപ്പോള്‍ ഭരണഘടനയെ തിരുത്തിവായിക്കുന്ന അനുഭവമാണ് അവര്‍ക്കുണ്ടായതെന്ന് പറയാതെ വയ്യ. വിശ്വാസി സമൂഹം പിന്തുടരേണ്ട ആണ്‍ പെണ്‍ വസ്ത്രധാരണ രീതികളെ സംശയലേശ്യമന്യേ വ്യക്തമാക്കിയ വിശ്വാസസംഹിതയാണ് ഇസ്‌ലാം. മതപണ്ഡിതരും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥങ്ങളും അതിന് സാക്ഷിയാണന്നിരിക്കെ ഹിജാബ് മതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നല്ല (NON ESSENTIAL) എന്ന വിചിത്ര വിധിയാണ് കര്‍ണ്ണാടക ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവാകശമായ മതം ആചരിക്കാനുള്ള അവകാശമാണ് ഫലത്തില്‍ ഇവിടെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് നിഷേധിക്കപ്പെടുന്നത്. ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ അനുച്ഛേദം 25 ഉറപ്പുനല്‍കുന്ന അവകാശം എല്ലാ പൗരന്‍മാര്‍ക്കും ഉറപ്പാക്കാനുള്ള ബാധ്യത നിറവേറ്റുകയായിരുന്നു കോടതികള്‍ ചെയ്യേണ്ടിയിരുന്നത്. ഇന്ത്യക്കാരായ നാം എന്ന ഭരണഘടനയുടെ പ്രയോഗം ഒരു സമൂഹമെന്ന നിലയില്‍ ജനങ്ങളിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. വ്യവസ്ഥിതി നശിക്കുമ്പോള്‍ ജനാധിപത്യം ജനകീയ മുന്നേറ്റങ്ങളിലൂടെയാണ് സംരക്ഷിക്കപ്പെടുകയെന്ന് ഭരണഘടനാനിര്‍മ്മാതക്കള്‍ വാരാനിരിക്കുന്ന തലമുറകള്‍ക്കുള്ള നല്‍കിയ സൂചന കൂടിയാണത്.

Test User: