X

ലോകം രണ്ടു തട്ടില്‍ പണക്കാരന്‍ പാവപ്പെട്ടവന്‍

ടി ഷാഹുല്‍ ഹമീദ്‌

കോവിഡ് 19 ന്റെ ഭീതിയിലാണ്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ ലോകത്തിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥയെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രകാരം ലോകം അസമത്വത്തിന്റെ നീരാളിപ്പിടുത്തതിലാണ് എന്ന കണ്ടെത്തല്‍ മാനവരാശിയെ നിരാശരാക്കുന്നു. ലോകം കോവിഡ് വക ഭേദങ്ങളില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആരായുമ്പോഴാണ് ലോകത്ത് പണക്കാരനും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു എന്ന് 2022 ലെ എല്‍ ചാന്‍സല്‍, തോമസ് പിക്കറ്റി എന്നിവരുടെ ലോക അസമത്വ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ലോകത്ത് സകല പുരോഗതിയുടെയും അടയാളപ്പെടുത്തലുകള്‍ നേരിട്ട് അനുഭവിക്കാന്‍ കഴിയാത്തവരായി സാധാരണജനങ്ങള്‍ മാറുന്നു എന്ന കണ്ടെത്തല്‍ ലോകം ആധികാരികമായാണ് കാണുന്നത്. ലോകത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങള്‍ക്ക്, ലോക സമ്പത്തിന്റെ വെറും രണ്ട് ശതമാനം മാത്രമാണ് സ്വന്തമായിട്ടുള്ളത്. അതേസമയം ലോക ജനസംഖ്യയിലെ 10 ശതമാനം വരുന്ന സമ്പന്നര്‍ ലോക സമ്പത്തിന്റെ 76 ശതമാനം കയ്യടക്കിവെച്ചിരിക്കുന്നു എന്നത് ലോകത്ത് അസമത്വം എത്രത്തോളം ഉണ്ടെന്ന് വരച്ചുകാട്ടുന്നു. 1995 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ സമ്പത്തിന്റെ വളര്‍ച്ചയിലെ 38 ശതമാനവും ലോകത്തെ ഒരു ശതമാനം വരുന്ന പണക്കാരുടെ കൈകളിലേക്കാണ് പോകുന്നത്. കണക്കുകള്‍ കൊണ്ടും വിവരങ്ങള്‍ കൊണ്ടും ലോകം സമ്പന്നമാണെങ്കിലും അസമത്വം സംബന്ധിച്ചുള്ള കണക്കുകള്‍ കിട്ടാന്‍ പ്രയാസമാണ്. ഇവിടെയാണ് നൂറോളം വിദഗ്ധന്മാരുടെ നേതൃത്വത്തില്‍ നാലുവര്‍ഷം പരിശ്രമിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. സാമൂഹിക സാമ്പത്തിക അസമത്വം, സ്ത്രീ പുരുഷ അസമത്വം, പരിസ്ഥിതിക അസന്തുലിതാവസ്ഥ എന്നിവയൊക്കെ അക്കമിട്ട് പറയുന്ന റിപ്പോര്‍ട്ട്, 25 വര്‍ഷമയി ഈ മേഖലയില്‍ വലിയ സാന്നിധ്യം ചെലുത്തിയ തോമസ് പിക്കറ്റി തയാറാക്കിയതിനാല്‍ ആധികാരകമാണ്. റിപ്പോര്‍ട്ട് രാഷ്ട്രീയമായ ചില നടപടികള്‍ സ്വീകരിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുന്നു.

അസമത്വം യൂറോപ്പില്‍ വലിയ രീതിയില്‍ ദൃശ്യമാകുന്നില്ല എങ്കിലും മധ്യ കിഴക്കന്‍ രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും അസമത്വം കൊടികുത്തിവാഴുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1980 മുതല്‍ തന്നെ അസമത്വം വിവിധതലങ്ങളില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കോവിഡാനാന്തരം അത് ഉത്തുംഗശൃംഗത്തിലാണ് എത്തിനില്‍ക്കുന്നത്. രാജ്യങ്ങള്‍ സമ്പന്നമാക്കുമ്പോള്‍ സര്‍ക്കാറുകള്‍ ദരിദ്രരാകുന്ന പ്രതിഭാസവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ചേര്‍ത്ത്‌വെക്കേണ്ട വലിയ പ്രശ്‌നമാണ് ലോകത്ത് നിലനില്‍ക്കുന്ന അസമത്വം എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അസമത്വം രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലും വലിയ രീതിയില്‍ പ്രകടമാകുന്നത്തിന്റെ നേര്‍ചിത്രം റിപ്പോര്‍ട്ട് ഉദാഹരണസഹിതം വ്യക്തമാക്കുന്നു.

1992 ല്‍ ഉദാരവത്കരണത്തിലൂടെ സാമ്പത്തിക പരിഷ്‌കരണവും വ്യവസായവത്കരണവും ത്വരിതപ്പെടുത്തി തൊഴില്‍ സമൃദ്ധമായ അന്തരീക്ഷം ഉണ്ടാക്കി ഉത്പാദന മേഖലയെ ശക്തിപ്പെടുത്തി വരുമാനത്തിലുള്ള അസമത്വം ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയില്‍ പണക്കാരും പാവങ്ങളും തമ്മിലുള്ള അന്തരം അഭംഗുരം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 1990ല്‍ ഇന്ത്യയില്‍ സാമ്പത്തിക അസമത്വം 45 ശതമാനം ആയിരുന്നത് ഇപ്പോള്‍ വര്‍ധിക്കുകയാണ് ചെയ്തത്. ശതകോടീശ്വരന്‍മാര്‍ കുമിഞ്ഞുകൂടിയ ഏഷ്യയിലെ പ്രധാന രാജ്യമായി ഇന്ത്യ മാറി. സമ്പന്നന്‍മാരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്ന ഫോഗ്‌സ് മാഗസിനില്‍ 1990 ല്‍ വെറും രണ്ട് പേര് ഉണ്ടായിരിന്നുന്നത് ഇപ്പോള്‍ 142 ആയി വര്‍ധിച്ചു. ദേശീയ വരുമാനത്തിന്റെ 57 ശതമാനം രാജ്യത്തിലെ 10 ശതമാനം സമ്പന്നര്‍ കയ്യടക്കി വച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തിലെ സമ്പന്നന്‍മാരായ ഒരു ശതമാനത്തിന്റെ കൈകളില്‍ 33 ശതമാനം സമ്പത്ത് അടിഞ്ഞ്കൂടുമ്പോള്‍ ആകെയുള്ള സമ്പത്തിന്റെ 29.5 ശതമാനം മാത്രമാണ് മധ്യവര്‍ഗ ജനങ്ങളുടെ കൈകളില്‍ ഉള്ളത്. ഇന്ത്യയിലെ മുതിര്‍ന്നവരുടെ വാര്‍ഷിക വരുമാനം 204200 രൂപയാണെങ്കില്‍ 50 ശതമാനം വരുന്ന താഴേക്കിടയിലുള്ളവരുടെ വാര്‍ഷിക വരുമാനം വെറും 53610 രൂപ മാത്രമാണ്. പക്ഷേ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള 10 ശതമാനം ജനങ്ങളുടെ വാര്‍ഷിക വരുമാനം 1166520 രൂപയാണ്. ആകെ ഉള്ള കുടുംബ സമ്പത്തിന്റെ 6 ശതമാനം മാത്രമേ ഏറ്റവും പ്രബലമായ 50 ശതമാനം ജനങ്ങള്‍ക്ക് സ്വന്തമായിട്ടുള്ളൂ എന്ന വിവരം റിപ്പോര്‍ട്ടിന്റെ കാതലാണ്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 85 ശതമാനം പേര്‍ക്കും നാമമാത്ര വരുമാനം ലഭിക്കുമ്പോള്‍ രാജ്യത്തെ അതിസമ്പന്നരുടെ വരുമാനം 23.14 ലക്ഷം കോടിയില്‍ നിന്ന് 53.16 ലക്ഷം കോടിയായി വര്‍ധിച്ചു. കോവിഡാനാന്തരം രാജ്യത്തെ 4.6 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വഴുതിവീണപ്പോള്‍ 1995 ന് ശേഷം രാജ്യത്ത് അതിസമ്പന്നര്‍ 102 എണ്ണത്തില്‍ നിന്നും 142 ആയി വര്‍ധിക്കുകയും അവരുടെ വാര്‍ഷികവരുമാനം 3.2 ശതമാനം ആയി ശരാശരി വര്‍ധിക്കുകയും ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട് ആധികാരികമായി ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നാലില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള ദാരിദ്ര്യം പ്രകടിപ്പിക്കുന്നു എന്നതും കൂട്ടിവായിക്കാവുന്നതാണ്. കോവിഡാനന്തരം രാജ്യത്ത് 84 ശതമാനം കുടുംബങ്ങളിലും വരുമാന ഇടിവ് ഉണ്ടാകുമ്പോള്‍ അസമത്വം നിലനില്‍ക്കുന്നത് രാജ്യത്തിന് ഭൂഷണമല്ല. ഇന്ത്യയില്‍ 2020 ല്‍ ആത്മഹത്യ ചെയ്തവരില്‍ ബഹുഭൂരിഭാഗവും ദിവസക്കൂലി വരുമാനക്കാരായിരുന്നു. അതോടൊപ്പം സ്വയംതൊഴില്‍ ചെയ്ത് ജീവിക്കുന്നവരും ആത്മഹത്യയിലേക്ക് വഴുതിവീഴുന്നു.

1990 ലോകത്ത് സ്ത്രീകളുടെ വരുമാനം ആകെ സമ്പത്തിന്റെ 30 ശതമാനം ആയിരുന്നു എങ്കില്‍ 2021 ല്‍ അത് 35 ശതമാനമായെ വര്‍ധിച്ചിട്ടുള്ളൂ. ലോക സമ്പദ് വ്യവസ്ഥ 510 ട്രില്യണ്‍ യൂറോ ആയി വളര്‍ന്ന് വികസിക്കുമ്പോഴും, സ്ത്രീകളുടെ വരുമാനവും സമ്പത്തും യഥാവിധി വര്‍ധിക്കുന്നില്ല. ഇന്ത്യയിലെ സ്ത്രീകളുടെ വരുമാനത്തിലുള്ള അസമത്വം സംബന്ധിച്ച് നിരാശാജനകമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഏഷ്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ വരുമാനം ഉള്ളവരായി 18 ശതമാനം മാത്രമായി ഇന്ത്യയിലെ സ്ത്രീകള്‍ മാറിയെന്നത് സമ്പത്തില്‍ തുല്യ പങ്കാളിത്തം വേണമെന്ന സ്ത്രീശാക്തീകരണ പ്രക്രിയക്ക് വിഘാതമാണ് സൃഷ്ടിക്കുക.

കാര്‍ബണ്‍ പുറത്ത്‌വിടുന്നതിലും അസമത്വം ലോകത്ത് അനുഭേവദ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു വര്‍ഷം മനുഷ്യന്‍ 6.6 ടണ്‍ കാര്‍ബണ്‍ പുറംതള്ളുന്നു. ലോകത്തിലെ 10 ശതമാനം രാജ്യങ്ങളാണ് 50 ശതമാനം കാര്‍ബണും അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്നത്. പക്ഷേ ഇതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളാണ്. ഇന്ത്യയില്‍ 50 ശതമാനം ജനങ്ങളും നാമമാത്രമായേ കാര്‍ബണ്‍ പുറംതള്ളുന്നുള്ളൂ. സര്‍ക്കാരിന്റെ വരുമാനവും സ്വകാര്യസംരംഭങ്ങളുടെ വരുമാനവും തമ്മിലുള്ള അസമത്വം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ വലിയ രീതിയില്‍ വര്‍ധിച്ച്‌വരുന്നു. ഇന്ത്യയിലും ചൈനയിലും ഇത് വലിയ രീതിയില്‍ പ്രകടമാണ് എന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നു. 1980 ല്‍ 290 ശതമാനം വരുമാന വര്‍ധനവില്‍ നിന്ന് 2020ല്‍ സ്വകാര്യസംരംഭങ്ങളുടെ വരുമാനം 560 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നഗരവും ഗ്രാമങ്ങളും തമ്മില്‍ അന്തരങ്ങള്‍ വര്‍ധിക്കുന്ന ഘട്ടത്തില്‍ സാധാരണക്കാര്‍ക്ക് ജോലി ലഭിക്കണം, സമൃദ്ധമായ അവസരങ്ങള്‍ ഉണ്ടാക്കണം, തുല്യഅവസരങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണം, നോബല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി നിര്‍ദ്ദേശിച്ചത് പോലെ സാധാരണ ജനങ്ങളുടെ കയ്യില്‍ പണം എത്തണം, അതി സമ്പന്നരില്‍ നിന്ന് നികുതി കൂടുതല്‍ വാങ്ങണം, കോര്‍പറേറ്റ് നികുതി ഘടന ഉടച്ച് വാര്‍ക്കണം, സാധാരണക്കാരിലേക്ക് കൂടുതല്‍ നികുതി നിര്‍ദ്ദേശം എത്തുമ്പോള്‍ ആനുപാതികമായി സമ്പത്ത് കുമിഞ്ഞ് കൂടിയവരില്‍നിന്ന് നികുതി ഈടാക്കുന്നില്ല, കൂടാതെ സമ്പത്തില്‍ നീതി പൂര്‍വകമായ വിതരണം നടക്കണം, ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ കാലം കൈയ്യടക്കിവെച്ച പ്രദേശങ്ങളിലാണ് ദാരിദ്ര്യം കൊടുകുത്തി വാഴുന്നത് എന്ന നെഹ്‌റുവിന്റെ വാക്കുകള്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിലൂടെ നടന്ന്‌പോകുമ്പോഴും ദരിദ്രരും പണക്കാരും തമ്മിലുള്ള അസമത്വം ഉണ്ടായതിനുള്ള കാരണത്തിന് ആരെയാണ് കുറ്റം പറയുക എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Test User: