X

ഒമിക്രോണ്‍ പിടിമുറുക്കി ലോകം

ലണ്ടന്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിന് പ്രഹരശേഷി കുറവാണെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോഴും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍. അമേരിക്കക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയും വന്‍ നിയന്ത്രങ്ങളിലേക്ക് നീങ്ങുകയാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ചൈന, ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീതിയിലാണ്. തിങ്കളാഴ്ച അമേരിക്കയില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ ഉയര്‍ച്ചയാണുണ്ടായതെന്ന് യു.എസ് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. സ്വീഡനില്‍ പ്രതിദിന രോഗികളുടെ എണ്ണം 11,000 കടന്നു.

സ്വീഡിഷ് രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫിനും രാജ്ഞി സില്‍വിയക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് കൊട്ടാരം അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രാഈലില്‍ നാലാം ഡോസ് വിതരണം പുരോഗമിക്കുകയാണ്. ക്രിസ്മസ്, പുതുവത്സര അവധിക്കുശേഷം റുമാനിയയില്‍ കോവിഡ് വ്യാപനം ഇരട്ടിയായിട്ടുണ്ട്. ഒമിക്രോണ്‍ അപകടകാരിയല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വിദഗ്ധന്‍ അബ്ദി മഹ്മൂദ് പറഞ്ഞു. ശ്വാസകോശത്തെ കടന്നാക്രമിക്കാന്‍ ഇതിന് ശേഷിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Test User: