X

വമ്പന്മാര്‍ വീണ ലോകകപ്പ്

ദോഹ: ലോകകപ്പിന് പരിസമാപ്തിയായിരിക്കുന്നു. നവംബര്‍ 20ന് തുടങ്ങി ഡിസംബര്‍ 18 വരെ 29 ദിവസങ്ങള്‍. 64 മല്‍സരങ്ങള്‍. എട്ട് സ്‌റ്റേഡിയങ്ങളിലായി നടന്ന ആവേശ പോരാട്ടങ്ങളില്‍ കണ്ടത് മികവില്‍ മികവ്. വമ്പന്‍ അട്ടിമറികള്‍. അപ്രതീക്ഷിതമായി പല വമ്പന്മാരും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഫിഫ റാങ്കിംഗില്‍ രണ്ടാമതുള്ള ബെല്‍ജിയത്തിന്റെ പുറത്താവലായിരുന്നു ഞെട്ടല്‍ നല്‍കിയത്. പിറകെ ജര്‍മനിയും ആദ്യ ഘട്ടത്തില്‍ പുറത്തായി. അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിന്റെ പതനവും സോക്കര്‍ ലോകം കണ്ടു. ഈഡന്‍ ഹസാഡ് നയിച്ച ബെല്‍ജിയത്തിന്റെ പതനത്തിന് കാരണമായത് ടീമിലെ അനൈക്യമായിരുന്നു. ആദ്യ മല്‍സരത്തില്‍ ദുര്‍ബലരെന്ന് കരുതിയ കനഡക്കെതതിരെ ഒരു ഗോളിന് മാത്രം മുഖം രക്ഷിച്ച കെവിന്‍ ഡി ബ്രുയ്‌ന്റെ സംഘം രണ്ടാം മല്‍സരത്തില്‍ മൊറോക്കോക്ക് മുന്നില്‍ ഞെട്ടി.

ലോക നിലവാരമുള്ള താരങ്ങള്‍ തമ്മിലുള്ള ശീതസമരം പരസ്യമായി. താരങ്ങള്‍ പരസ്പരം വഴക്കിട്ടു. നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ മാത്രം പ്രീ ക്വാര്‍ട്ടര്‍ സാധ്യത എന്ന ഘട്ടത്തില്‍ ടീമിന് വിജയിക്കാനായില്ല. അങ്ങനെയായിരുന്നു നാടകീയമായി ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്തായത്. കപ്പുയര്‍ത്താന്‍ വന്നവരായിരുന്നു ജര്‍മനിക്കാര്‍. സ്‌പെയിന്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് സുഖമായി കയറുമെന്ന് കരുതിയവര്‍. പക്ഷേ അവര്‍ ജപ്പാന് മുന്നില്‍ തളര്‍ന്നു പോയി. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ടീമിനെ ജപ്പാനികള്‍ 2-1 ല്‍ വെള്ളം കുടിപ്പിച്ചു. ഇതോടെ സ്‌പെയിനിനെതിരായ മല്‍സരത്തില്‍ വിജയം നിര്‍ബന്ധമായി. പക്ഷേ സമനില. അതോടെ സാധ്യതകള്‍ മങ്ങി. അവസാന മല്‍സരത്തില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്താനായി. പക്ഷേ ഒരേ സമയത് നടന്ന ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ ജപ്പാന്‍കാര്‍ സ്‌പെയിനിനെ വിറപ്പിച്ചതോടെ ഹാന്‍സ് ഫ്‌ളിക്കിന്റെ സംഘം തിരികെ നടന്നു. പുറത്തായത് രണ്ടും യൂറോപ്യന്മാരായിരുന്നു. പ്രീ ക്വാര്‍ട്ടറിലെ അട്ടിമറി സ്‌പെയിനായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ ഏഴ് ഗോള്‍ വന്‍ വിജയം നേടി ലോകകപ്പിലെ വരവ് രാജകീയമാക്കിയ യുവ സംഘം മൊറോക്കോയുടെ മുന്നില്‍ തളര്‍ന്നു പോയി. മൊറോക്കോയുടെ വരവായിരുന്നു അവിടെ കണ്ടത്. ക്വാര്‍ട്ടറിലേക്ക് വന്നപ്പോള്‍ ബ്രസീലിന്റെ പതനമായിരുന്നു വലിയ ആഘാതമായത്. ടിറ്റേ പരിശീലിപ്പിക്കുന്ന സംഘം ഗംഭീര വിജയങ്ങളോടെ സ്ഥിരതയാര്‍ന്ന പോരാട്ടവുമായി കുതിച്ചു കയറിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കാമറൂണിന് മുന്നില്‍ തോറ്റെങ്കില്‍ പോലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.

പ്രി ക്വാര്‍ട്ടറില്‍ കൊറിയക്കാരെ എളുപ്പത്തില്‍ വീഴ്ത്തി വന്ന മഞ്ഞപ്പടയെ ക്രൊയേഷ്യക്കാര്‍ തകര്‍ത്തു. നിശ്ചിത സമയ പോരാട്ടത്തില്‍ ഗോളുകളുണ്ടായിരുന്നില്ല. അധികസമയത്ത് നെയ്മറിന്റെ തകര്‍പ്പന്‍ ഗോളില്‍ ലീഡ്. എന്നാല്‍ പെറ്റ്‌കോവിച്ചിലുടെ ക്രൊയേഷ്യക്കാര്‍ തിരികെ വരുമ്പോള്‍ ലോംഗ് വിസിലിന് നാല് മിനുട്ട് മാത്രം ബാക്കി. പിന്നെ ഷൂട്ടൗട്ട്. അവിടെ ക്രോട്ട് ഗോള്‍ക്കീപ്പര്‍ ലിവാകോവിച്ച് ഹീറോയായി.

ഇംഗ്ലണ്ട് സെമിയെങ്കിലും കളിക്കുമെന്ന് കരുതിയെങ്കില്‍ ഫ്രാന്‍സിന് മുന്നില്‍ അവര്‍ പതറി. പോര്‍ച്ചുഗലും സെമി കാണാതെ മടങ്ങി. അതില്‍ ദുരന്തമായത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അനുഭവമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ കോച്ച് സാന്‍ഡോസ് പുറത്തിരുത്തി. ഇത് വലിയ വിവാദമായി. മൊറോക്കോയുടെ മുന്നിലായിരുന്നു ടീമിന്റെ പതനം. നെതര്‍ലന്‍ഡ്‌സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായില്ല.

Test User: