X

പുറപ്പെട്ടുപോയ വാക്ക്

മധുശങ്കര്‍ മീനാക്ഷി

ആധുനിക കവിതയുടെ ക്ഷോഭിക്കുന്ന മുഖമായിരുന്നു അന്തരിച്ച ടി.പി രാജീവന്‍. ആഗോള കാവ്യരംഗത്ത് മലയാളത്തിന് അര്‍ഹമായ സ്ഥാനം കണ്ടെത്തിത്തന്ന കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിലും ഇംഗ്ലീഷിലും വാക്കുകള്‍കൊണ്ടല്ല, വികാരം കൊണ്ട്, വിവേകം കൊണ്ട്, തനതായ വീക്ഷണം കൊണ്ട് ടി.പി രാജീവന്‍ കവിതയെ തൊട്ടു. ചിലപ്പോള്‍ മുറിവേല്‍പ്പിച്ചു. മറ്റു ചിലപ്പോള്‍ കവിതയില്‍നിന്നും പുറത്തുമാറി സ്വയം അരുളപ്പെട്ടു. മലയാളത്തില്‍ ടി.പി എന്ന രണ്ടക്ഷരം കൊണ്ട് രാജീവന്‍ തീര്‍ത്ത മാന്ത്രികത, ഇംഗ്ലീഷ് കവിതകളില്‍ തച്ചംപൊയില്‍ രാജീവന്‍ എന്ന ഇലാബൊറേറ്റഡ് തൂലികയിലൂടെ പലപ്പോഴും ബ്ലാക് മാജിക്കിലേയ്ക്ക് തെന്നിമാറുന്നത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ബ്ലാക് മാജിക് ഒരിക്കലും ഇലാബൊറേറ്റഡ് അല്ല. ഈ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ രാജീവന്‍ ചിരിച്ചു. പാലേരിമാണിക്യത്തിലൂടെയാണ് ടി.പി രാജീവന്‍ കവിതയുടെ വരമ്പ് ചാടിക്കടക്കുന്നത്. കവിത വായിക്കാത്തവര്‍ക്കുവേണ്ടിയുള്ള കവിതയായി ആ നോവല്‍ മാറി. പിന്നീട് സിനിമയായപ്പോഴും ദേശക്കുറിവരച്ച് പാലേരിയുടെ നോവായി മാണിക്യം വിസ്മയിപ്പിച്ചു. ഒരു നല്ല കവിക്കേ നല്ല നോവല്‍ എഴുതാന്‍ കഴിയൂ എന്നതിന് ഉദാഹരണമായിരുന്നു ആ കൃതി.

ഏതൊരു നോവലും കവിതയോടടുക്കുന്നത്, അത് അതിന്റെ ദേശം മുറിച്ചുപായുമ്പോഴാണ്. മുറിച്ചുപാഞ്ഞ്, അത് വായിക്കുന്നവന്റെ സ്വന്തം ദേശമായി അടയാളപ്പെടുമ്പോഴാണ്. ആന്തരികവും ബാഹ്യവുമായ സംഘര്‍ഷഭൂമികയിലൂടെ നീന്തിയാണ് കവി വാക്കില്‍നിന്നും സ്വയം ബഹിഷ്‌കൃതനാകുന്നത്. ബഹിഷ്‌കൃതന് തിരിച്ചുവരാന്‍ അവകാശമുണ്ട്. പുറപ്പെട്ടുപോകുന്നവനും തിരിച്ചുവരാന്‍ അവകാശമുണ്ട്. അങ്ങനെ തിരിച്ചുവരുമ്പോള്‍ കൈക്കുടന്നയില്‍ മധുരം പ്രതീക്ഷിക്കണം. ദൂരയാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോളങ്ങനെയാണ്. പാലാഴി കടയുമ്പോഴും അങ്ങനെയാണ്. ആസ്വാദകന്റെ കണ്ണ് കടഞ്ഞെടുത്ത ആ അമൃതിലാണ്. ജീവിതത്തില്‍ ഇത്തരം പല പുറപ്പെട്ടുപോകലുകള്‍ ടി.പി രാജീവനും നടത്തേണ്ടിവന്നിട്ടുണ്ട്. കാവ്യലോകത്തെ ആന്തരികമായ സംഘര്‍ഷങ്ങളില്‍ നീന്തി ആത്മബോധം കൈവരിച്ചുകൊണ്ടാണ് ഓരോ പുറപ്പെട്ടുപോകലുകളും തിരിച്ചെത്തിയിട്ടുള്ളത്. ഈ ആത്മബോധം മത്സ്യം എന്ന കവിതയിലുണ്ട്.

‘മണല്‍ത്തരിയോളം
പോന്നൊരു മത്സ്യം
കടല്‍ത്തിരയോട്
ഒറ്റയ്ക്ക് പൊരുതിനിന്നു’.

ഒറ്റയ്ക്കുള്ള ഈ പൊരുതല്‍ രാജീവന്റെ ജീവിതത്തില്‍ ഉടനീളമുണ്ട്. ആ പൊരുതലുകളെ രാഷ്ട്രീയപരമായി തെറ്റിദ്ധരിച്ചവരുണ്ട്. മാറ്റിനിര്‍ത്തിയവരുണ്ട്. അപ്പോഴൊക്കെയും അവതാരപാതയില്‍ ഒന്നാമനായ മത്സ്യത്തെപ്പോലെ എഴുത്തുവഴിയിലും ഒന്നാമനാണ് ഞാന്‍ എന്ന് ടി.പി രാജീവന്‍ തെളിയിച്ചുകൊണ്ടിരുന്നു. വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി വെളിച്ചപ്പെടുന്നത് തനിക്ക് പറയാനുള്ളതിനേക്കാള്‍, തന്റെ മുമ്പില്‍ തൊഴുതുനില്‍ക്കുന്ന വിശ്വാസിയെ കേള്‍ക്കാനും കൂടിയാണെന്ന സത്യമെടുത്താല്‍ രാജീവന്റെ ഓരോ എഴുത്തിടപെടലുകളും ഈ വര്‍ത്തമാന ലോകത്തെ വീണ്ടും വീണ്ടും കേള്‍ക്കാന്‍കൂടിയായിരുന്നുവെന്ന് പറയേണ്ടിവരും. ഒരാളെത്തന്നെ ഇങ്ങനെ കേള്‍ക്കുന്നതിനെയാണ് പ്രണയം എന്നു പറയുന്നത്. പ്രണയശതകം എന്ന സമാഹാരത്തിലൂടെ ആ കേള്‍വിയെ ഒറ്റച്ചരടില്‍ കോര്‍ക്കുന്നു രാജീവന്‍. നൂറിതള്‍പ്പൂവായ് പ്രണയത്തെ പുല്‍കുന്നു. ഓരോ ഇതളുകളും കൊഴിയാന്‍ വേണ്ടിയാണെന്നുള്ളത് കാലം കാത്തുവെച്ച കല്‍പനയാണ്.

‘മരിച്ചവന്‍ തിരിച്ചുവരില്ല
എന്നു കരുതിയാല്‍ നിങ്ങള്‍ക്കുതെറ്റി,
മരിച്ചതുപോലെത്തന്നെ അവര്‍ തിരിച്ചുവരും.
എപ്പോഴാണെന്നുമാത്രം മുന്‍കൂട്ടി
പറയാന്‍ കഴിയില്ല.
മരണം പോലെത്തന്നെ’.

മരണാനന്തരം എന്ന കവിത ടി.പി രാജീവന്റെ സ്വന്തം ചരമക്കുറിപ്പായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ചില ചരമക്കുറിപ്പുകള്‍ അങ്ങനെയാണ്. പുറപ്പെട്ടുപോയ നിരവധി വാക്കുകള്‍ അതിലുണ്ടാകും. വികാരംകൊണ്ട് ജീവിതത്തെ അനുനയിക്കാന്‍ സാധിക്കാതെ വരും.

‘നീലയായിക്കഴിഞ്ഞ
എന്റെ ഉടലില്‍
നീ തിരയുന്ന
ചിരിക്കുന്ന ശലഭമുണ്ടോ
എന്നു നോക്കൂ…..’
ഹൊ… എന്തൊരായുധമാണിത്, മനസ്സിനെ തലങ്ങും വിലങ്ങും മുറിപ്പെടുത്താന്‍ മാത്രം ഇരുതലമൂര്‍ച്ചയാര്‍ന്നത്…! ഒരു കവിയെ ചേര്‍ത്തുപിടിക്കുമ്പോള്‍ ഇനിയെങ്കിലും മടിക്കുത്തിലൊളിപ്പിച്ച ഇത്തരം ആയുധമുണ്ടോ എന്ന് തപ്പിനോക്കണം. വിട, പ്രിയ ചങ്ങാതീ.

Test User: