X

ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി; അര്‍ജുനായി അവസാനവട്ട തിരച്ചില്‍; ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമം

ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി ഇന്നവസാനിപ്പിക്കും. പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തിരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരച്ചിലില്‍ ഇതുവരെ ശുഭ സൂചനങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ തിരച്ചില്‍ ഉണ്ടാവില്ല. തിരച്ചില്‍ മറ്റന്നാള്‍ പുനരാരംഭിക്കും.

പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു.

അതേസമയം, തിരച്ചിലില്‍ ലോറിയുടേതെന്ന് കരുതുന്ന കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ 8.50 നു തുടങ്ങിയ തിരിച്ചിലില്‍ സ്‌ക്രൂ പിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതായിരുന്നില്ല.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കട ഉടമ അടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കാണാതായിട്ടുണ്ട്.

webdesk13: