X

കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

കിഡ്‌നി സ്‌റ്റോണിന് കുത്തിവയ്‌പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആറ് ദിവസമായി ചികിത്സയിലായിരുന്നു കൃഷ്ണ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയറുവേദനയെ തുടർന്ന് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആദ്യം തൈക്കാട് ആശുപത്രിയിലും പിന്നീട് മലയൻകീഴിലും കൊണ്ടുപോയെങ്കിലും കിഡ്‌നിസ്‌റ്റോൺ ആണെന്ന് കാട്ടി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച യുവതിയും ഭർത്താവും നെയ്യാറ്റിൻകരയിലെത്തി.

കൃഷ്ണയുടെ രക്തം പരിശോധിച്ചതിന്റെ റിസൾട്ട് വാങ്ങാൻ ഭർത്താവ് ശരത് ലാബിലേക്ക് പോയ സമയം ആശുപത്രി അധികൃതർ യുവതിക്ക് ഇൻജക്ഷൻ നൽകിയതായാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ യുവതിക്ക് ഉണ്ടായി. മുഖത്തടക്കം കറുത്ത വലിയ പാടുകൾ ഉണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തതോടെ യുവതിയെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കൃഷ്ണയ്ക്ക് അലർജി ഉണ്ടായിരുന്നതായാണ് വിവരം. ഇതോടൊപ്പമാണ് കിഡ്‌നിക്ക് അസുഖവുമുണ്ടായത്. യുവതിയുടെ രോഗവിവരങ്ങൾ ഒന്നും തന്നെ തിരക്കാതെയാണ് ആശുപത്രി അധികൃതർ ഇൻജക്ഷൻ നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

webdesk13: