ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ആറാഴ്ചയിലേറെയായി തുടരുന്ന ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്നോടെ പിന്‍വലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് ആദ്യം ഇളവ് നല്‍കുക.
പലചരക്കു കടകളും ഫാര്‍മസികളും സൂപ്പര്‍മാര്‍ക്കറ്റുകളും ഈയാഴ്ച തന്നെ തുറക്കും. രോഗവ്യാപന നിയന്ത്രണ നടപടികള്‍ തുടരുന്നതോടൊപ്പം വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും. സ്വകാര്യ കാറുകളും ടാക്‌സികളും ഇന്നലെ മുതല്‍ ഓടിത്തുടങ്ങി. മെയ് 22 ന് പൊതുഗതാഗതവും സാധാരണ പോലെ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ സോങ് മിങ് പറഞ്ഞു.
എന്നാല്‍ രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ചൈനയില്‍ 1159 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏറെയും ഷാങ്ഹായ് നഗരത്തിലാണ്. ഒക്ടോബറിലെ നാഷണല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് രാജ്യത്തെ കോവിഡ് മുക്തമാക്കാമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. കോവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന ചൈനയുടെ പല ഭാഗങ്ങളും ഇപ്പോള്‍ രോഗവ്യാപന ഭീതിയിലാണ്.