X

ഖത്തറില്‍ ജേതാക്കളാകുന്ന ടീമിന് ലഭിക്കുക ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസത്തെ മാത്രം കാത്തിരിപ്പ്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കിരീടം ലഭിക്കുന്നവരെ മാത്രമല്ല, എല്ലാവരെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്. 200 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 1,700 കോടി രൂപയാണ് ഫിഫ, ലോകത്തെ വിവിധ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് മാത്രമായി ലോകകപ്പിനു വേണ്ടി അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ അവരുടെ രാജ്യങ്ങള്‍ക്കായി കളിക്കാന്‍ അനുമതി നല്‍കുന്നതിനാണ് ക്ലബുകള്‍ക്ക് ഫിഫ പണം നല്‍കുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള 416 ക്ലബുകള്‍ക്ക് ഈ തുക വീതിച്ചു നല്‍കും.

ഇതില്‍ 370,000 ഡോളറാണ് ഓരോ താരങ്ങള്‍ക്കുമായി ക്ലബുകള്‍ക്ക് ലഭിക്കുന്നത്. ഇതിനു പുറമേയാണ് ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് നല്‍കുന്ന സമ്മാനത്തുക. 42 മില്യണ്‍ ഡോളര്‍. അതായത് ഏകദേശം 340 കോടി രൂപയാണ് ഖത്തറില്‍ ജേതാക്കളാകുന്ന ടീമിന് ലഭിക്കുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. കഴിഞ്ഞ വര്‍ഷം ജേതാക്കളായ ഫ്രാന്‍സ് ടീം സ്വന്തമാക്കിയ 38 മില്യണ്‍ ഡോളര്‍ എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയാകുക. ജേതാക്കള്‍ അത്രയും തുക സ്വന്തമാക്കുമ്പോള്‍ റണ്ണേഴ്‌സ് അപ്പിന് ലഭിക്കുക 30 മില്യണ്‍ ഡോളറാണ്. ഏകദേശം 243 കോടി രൂപ. ഇവര്‍ക്കു മാത്രമല്ല. ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന എല്ലാ ടീമിനും ഫിഫ സമ്മാനത്തുക നല്‍കുന്നുണ്ട്.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 27 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുമ്പോള്‍ നാലാം സ്ഥാനക്കാര്‍ക്ക് 25 മില്യണ്‍ ലഭിക്കും. അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് 17 മില്യണ്‍ ഡോളറാണ് നല്‍കുക. ഒമ്പതു മുതല്‍ 16വരെ സ്ഥാനക്കാര്‍ക്ക് 13 മില്യണ്‍ ലഭിക്കുമ്പോള്‍ 17 മുതല്‍ 32-ാം സ്ഥാനത്തുള്ളവര്‍ക്ക് ഒമ്പതു മില്യണ്‍ വീതം ലഭിക്കും. ലോകകപ്പില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് പ്രതിദിനം 10,000 ഡോളറാണ് പ്രതിഫലമായി ഫിഫ നല്‍കുന്നത്. അതായത് എട്ടു ലക്ഷം രൂപ. ലോകകപ്പില്‍ തങ്ങളുടെ ടീമിന്റെ ആദ്യ മത്സരത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആ ടീമിന്റെ അവസാന മത്സരത്തിന്റെ അടുത്ത ദിവസം വരെയാണ് ഈ പ്രതിഫലത്തിന് താരങ്ങള്‍ അര്‍ഹരാകുക. അതായത് ലോകകപ്പ് കിരീടം നേടുന്ന ടീമിന്റെ ഒരു താരത്തിന് മാത്രം പ്രതിഫലമായി മൂന്നു കോടി രൂപ ലഭിക്കും. ഇത് സമ്മാനത്തുകകള്‍ക്കു പുറമേയാണ്.

Test User: